അബുദാബി: അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ചില രാജ്യങ്ങളിലെ നിയമ ലംഘനവും അപകടസാദ്ധ്യതകളും ചൂണ്ടിക്കാട്ടിയാണ് ഡൗൺ പേയ്‌മെന്റ് നടത്താൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനെതിരെ യുഎഇയിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഷോപ്പിംഗ്, യാത്ര തുടങ്ങിയ ഇടപാടുകൾക്ക് മാത്രമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് ഉചിതമെന്നും മറ്റേതെങ്കിലും തരത്തിലുള്ള വിദേശ നിക്ഷേപത്തിന് അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും റിയൽ എസ്റ്റേറ്റ്, നികുതി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ദുബായിൽ പ്രോപ്പർട്ടി വാങ്ങിയ ചില ഇന്ത്യക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ നിയമത്തിലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം, വിദേശത്ത് നടത്തുന്ന സ്വത്ത് വാങ്ങലുകൾ മൂലധന അക്കൗണ്ട് ഇടപാടുകളായി കണക്കാക്കപ്പെടുന്നുവെന്ന് ആൻഡേഴ്സൺ യുഎഇ സിഇഒ അനുരാഗ് ചതുർവേദി പറഞ്ഞു. എന്നിരുന്നാലും, യാത്ര, ഷോപ്പിംഗ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ പോലുള്ള കറന്റ് അക്കൗണ്ട് ഇടപാടുകൾക്ക് മാത്രമേ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ (ഐസിസി) അനുവദിക്കുകയുള്ളൂ.
വിദേശ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിനെ (എൽആർഎസ്) മറികടക്കുന്നു. ഇന്ത്യൻ നിവാസികൾക്ക് വിദേശ സ്വത്തിൽ നിക്ഷേപിക്കാനുള്ള ഏക നിയമപരമായ മാർഗമാണ് എൽആർഎസ്.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിലൂടെ ഇന്ത്യൻ നിവാസികൾക്ക് അംഗീകൃത ബാങ്കുകൾ വഴി ഒരു സാമ്പത്തിക വർഷത്തിൽ 2,50,000 ഡോളർ വരെ അയയ്ക്കാൻ അനുവാദമുണ്ട്. മൂലധന ഒഴുക്ക് എന്ന നിലയിൽ റിയൽ എസ്റ്റേറ്റിനായുള്ള ഐസിസി ഉപയോഗം ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആർബിഐ വ്യക്തമാക്കുന്നു. ഇതിന്റെ ലംഘനം ഫെമയുടെ ലംഘനത്തിന് തുല്യമായാണ് കണക്കാക്കുന്നത്.
വിദേശത്ത് സ്വത്ത് വാങ്ങുന്നതിനായി അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് അന്വേഷണം, പിഴ ഉൾപ്പെടെ നിയമപരവും സാമ്പത്തികപരവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഇതിൽ ഫെമ നിയന്ത്രണങ്ങളുടെ ലംഘനവും ഉൾപ്പെടുന്നു. നിയമം ലംഘിക്കുന്നവർ ആർബിഐ, ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരുടെ അന്വേഷണങ്ങൾ നേരിടേണ്ടി വരും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് അശ്രദ്ധമായിയാണെങ്കിൽ നിയമപരമായ അപകടസാദ്ധ്യതയ്ക്ക് പുറമേ, ഉയർന്ന പലിശ നിരക്കുകൾ, വിദേശ വിനിമയ മാർക്കപ്പുകൾ, ഫീസുകൾ, പിഴകൾ എന്നിവയ്ക്കും ഇതിൽ ഉൾപ്പെടുന്നു.
വിദേശത്ത് വസ്തുവകകൾ വാങ്ങുന്നവർ രജിസ്റ്റർ ചെയ്ത ബാങ്ക് വഴി ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം ഉപയോഗിക്കണമെന്ന് ആൻഡേഴ്സൺ യുഎഇ സിഇഒ അനുരാഗ് ചതുർവേദി വ്യക്തമാക്കി. എല്ലാ ഇടപാടുകളും ആർബിഐയും നികുതി അധികാരികളും ആവശ്യപ്പെടുന്ന പ്രകാരം പൂർണമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും, അതിർത്തി കടന്നുള്ള നിക്ഷേപത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെയോ നിയമ ഉപദേഷ്ടാവിനെയോ സമീപിക്കണമെന്നും അദ്ദേഹം നിദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |