വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ വർധന പ്രാബല്യത്തിൽ വരാനിരിക്കെ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയ്ക്കെതിരെ തീരുവ പ്രഖ്യാപിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ‘ആക്രമണാത്മക സാമ്പത്തിക സ്വാധീനം’ ആണ് ട്രംപ് ലക്ഷ്യമിടുന്നത്. അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതൽ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകുമെന്നും വാൻസ് പറഞ്ഞു. യുക്രെയ്നിലെ ആക്രമണം തുടരുകയാണെങ്കിൽ റഷ്യ ഒറ്റപ്പെട്ട് നിൽക്കേണ്ടി വരുമെന്നും നിറുത്തിയാൽ ആഗോള സമ്പദ്‍വ്യവസ്ഥയിലേക്ക് തിരികെ എത്താനാവുമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന് സാധിക്കുമെന്നും വാൻസ് പറഞ്ഞു. നേരത്തെ ഇന്ത്യ റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ വാങ്ങുന്നതിൽ ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
25 ശതമാനം പകരച്ചുങ്കത്തിന് പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ഇറക്കുമതി തീരുവ കൂടി യു.എസ് ഇന്ത്യയ്ക്ക് ചുമത്തിയിരുന്നു. പകരച്ചുങ്കം ഈ മാസം 7ന് പ്രാബല്യത്തിൽ വന്നു. റഷ്യൻ എണ്ണയുടെ പേരിലെ തീരുവ നാളെ നിലവിൽ വരും. ഇന്ത്യ എണ്ണ വാങ്ങുന്നത്, യുക്രെയിനുമായി യുദ്ധം ചെയ്യുന്ന റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നെന്നും റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ഇന്ത്യക്ക് അധിക തീരുവയെന്നും യു.എസ് വാദിക്കുന്നു.
പിന്നോട്ടില്ലെന്ന് ഇന്ത്യ
റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. കുറഞ്ഞ വിലക്ക് എണ്ണ എവിടെ നിന്ന് ലഭിച്ചാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേൽ 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളുമായുള്ള പങ്കാളിത്തം എണ്ണ വിപണിയിൽ സുസ്ഥിരതമാക്കാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,യു.എസ് ഭീഷണിക്കിടെ അധിക ഡിസ്കൗണ്ടിൽ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |