ഷിംല: ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്യൻ ആരാണെന്ന ചോദ്യവും അതിന് ബിജെപി എംപിയും മുൻ മന്ത്രിയുമായ അനുരാഗ് താക്കൂർ നൽകിയ മറുപടിയും വൈറലാവുന്നു. ഹിമാചൽ പ്രദേശിലെ ഉനയിലുള്ള ഒരു സ്‌കൂളിൽ നടന്ന പരിപാടിയിലാണ് താക്കൂറിന്റെ പരാമർശം.
ആരാണ് ആദ്യമായി ബഹിരാകാശത്ത് എത്തിയതെന്ന് ബിജെപി എംപി തന്നെയാണ് കുട്ടികളോട് ചോദിച്ചത്. ഇതിന് നീൽ ആംസ്‌ട്രോംഗ് എന്നായിരുന്നു കുട്ടികൾ മറുപടി നൽകിയത്. എന്നാൽ 'എനിക്ക് തോന്നുന്നത് ആദ്യമായി ബഹിരാകാശത്ത് എത്തിയത് ഹനുമാൻജി ആണ് എന്നാണ്'- എന്നായിരുന്നു താക്കൂറിന്റെ പ്രതികരണം.
'എനിക്ക് തോന്നുന്നത് ആദ്യമായി ബഹിരാകാശത്ത് എത്തിയത് ഹനുമാൻജി ആണെന്നാണ്. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള നമ്മുടെ സംസ്‌കാരം, അറിവ്, പാരമ്പര്യം തുടങ്ങിയവയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. നമ്മുടെ കാര്യം നമ്മൾ തന്നെ പഠിച്ചില്ലെങ്കിൽ ബ്രിട്ടീഷ് എന്താണോ പഠിപ്പിച്ചത്, അതിൽ നമ്മൾ ചുരുങ്ങിപ്പോകും. അതിനാൽ തന്നെ പാഠപുസ്‌തകത്തിന് പുറത്തുനിന്ന് ചിന്തിക്കാൻ ഞാൻ പ്രിൻസിപ്പളിനോടും നിങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നമ്മുടെ രാജ്യം, സംസ്‌കാരം, നമ്മുടെ അറിവ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കൂ, നിങ്ങൾ ഒരുപാട് കാര്യങ്ങൾ കണ്ടെത്തും'- എന്നായിരുന്നു താക്കൂർ വിദ്യാർത്ഥികളോട് പറഞ്ഞത്.
1961ൽ ആദ്യമായി ബഹിരാകാശത്ത് എത്തിയത് സോവിയറ്റ് ബഹിരാകാശ യാത്രികൻ യൂറി ഗഗാറിൻ ആണ്. 1969ൽ ആദ്യമായി ചന്ദ്രനിൽ നടന്ന മനുഷ്യനാണ് നീൽ ആംസ്‌ട്രോംഗ്. താക്കൂറും കുട്ടികളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |