ജറുസലം:തെക്കൻ ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർക്ക് ദാരുണാന്ത്യം.അൽ ജസീറയുടെ ഫോട്ടോഗ്രാഫർ മുഹമ്മദ് സലാമ,റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് ഹുസാം അൽമസ്രി,ദി ഇൻഡിപെൻഡന്റ് അറബികിലെ മറിയം അബു ദഖ,പത്രപ്രവർത്തകൻ മോവാസ് അബു താഹ,ഖുദ്സ് ഫീഡ് നെറ്റ്‌വർക്കിലെ അഹമ്മദ് അബു അസീസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.ഖാൻ യൂനിയ് ഗവണറേറ്റിലെ നാസർ ആശുപത്രിയിൽ ഇവർ ഡ്യൂട്ടിയിലിരിക്കെയാണ് ആക്രമണം നടന്നത്. ആദ്യത്തെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്ന് അധികൃതർ പറയുന്നു.കണക്കനുസരിച്ച് 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 273 ആയി.ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രദേശത്തു കനത്ത പുക ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസം കുട്ടികളടക്കം 63 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. 8 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണിമരണം 289 ആയി.ഗാസ സിറ്റിയിലെ സെയ്തൂൺ,ഷെജയ്യ പട്ടണങ്ങളിൽ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകർത്തു. ജബാലിയ പട്ടണത്തിലും രാത്രിമുഴുവനും ബോംബ് ആക്രമണം തുടർന്നു. ഈ മേഖലകൾ വളഞ്ഞ ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 62,622 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |