പ്രതാപ്ഗഡ്: ഹണിമൂണിന് സിക്കിമിലേക്ക് പോയ വാഹനം കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ടീസ്റ്റ നദിയിൽ മറിഞ്ഞ് നവദമ്പതികളെ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുന്നു. മേയ് 25 നാണ് ട്രെയിനിൽ ദമ്പതികൾ സിക്കിമിലേക്ക് പുറപ്പെട്ടത്. 26ന് സിക്കിമിലെ മംഗൻ ജില്ലയിൽ ഇവർ എത്തി. മേയ് 29ന് ലാച്ചനിൽ നിന്ന് ലാച്ചുങ്ങിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടക്കുന്നത്. വാഹനം ഏകദേശം 1000 അടി താഴ്ചയിലേക്ക് വീണതായാണ് വിവരം.
നവമ്പതികളും വാഹനത്തിലെ ഡ്രൈവറും ഉൾപ്പെടെ ഒമ്പത് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ്, ത്രിപുര, ഒഡീഷ സ്വദേശികളാണ് ദമ്പതികൾക്ക് പുറമെ വാഹനത്തിൽ ഉണ്ടായിരുന്നത്. കാണാതായ നവവരൻ കൗശലേന്ദ്ര പ്രതാപ് സിംഗ് (29), ബിജെപി നേതാവ് ഉമ്മദ് സിങ്ങിന്റെ അനന്തരവനാണ്. മേയ് 5നായിരുന്നു വിവാഹം.
എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ നിരന്തരമായി തിരച്ചിൽ നടത്തിയിട്ടും ഇതുവരെ മൃതദേഹങ്ങളോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഹോട്ടൽ മുറിയിൽ ദമ്പതികളുടെ സാധനങ്ങൾ കണ്ടെടുത്തെങ്കിലും നദിയിൽ മുങ്ങിമരിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ നിർണായക തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |