യാത്രക്കാരനുമേൽ ചൂടുള്ള നോൺ വെജ് കറിവീണു; വിമാനക്കമ്പനിക്ക് നഷ്ടപരിഹാരം നൽകേണ്ടിവന്നത് വൻ തുക
ബംഗളൂരു: വിമാന യാത്രക്കിടെ യാത്രക്കാരന്റെ മേൽ ചൂട് കറി വീണ സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനയാത്രക്കിടെ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. 25,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ബംഗളൂരു അർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്.
2024 മാർച്ച് അഞ്ചിനാണ് സംഭവം നടന്നത്. വിമാനം പറന്നുയർന്ന് 15 മിനിട്ടുകൾക്കുശേഷമാണ് അബദ്ധം സംഭവിച്ചത്. വിമാന ജീവനക്കാരി ക്യാബിൻ തുറന്നപ്പോൾ മറ്റൊരു യാത്രക്കാരന്റേതെന്ന് കരുതുന്ന ചൂടുള്ള കറിപാക്കറ്റ് പൊട്ടി യാത്രക്കാരനുമേൽ വീഴുകയായിരുന്നു. നോൺ വെജ് കറിയായിരുന്നു അത്. സസ്യാഹാരിയായ തനിക്ക് മാംസാഹാരം ദേഹത്ത് വീണത് വലിയ മാനസിക വിഷമവും ശാരീരിക അസ്വസ്ഥതയും ഉണ്ടാക്കിയെന്നുകാട്ടി യാത്രക്കാരൻ പരാതിപ്പെട്ടിരുന്നു.
കറി വീണതിനെത്തുടർന്ന് ബ്രാൻഡഡ് വസ്ത്രങ്ങളും വാച്ചും മൊബൈൽ ഫോണുമടക്കമുള്ളവ കേടായി. എട്ടുമണിക്കൂറോളം ദുർഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ടി വന്നത് വലിയ അപമാനത്തിനിരയാക്കിയെന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു. ഇതിന് പരിഹാരമായി വിമാനക്കമ്പനി 5000 രൂപയുടെ യാത്രാ വൗച്ചർ വാഗ്ദാനം ചെയ്തെങ്കിലും പരാതിക്കാരൻ ഇത് നിരസിച്ചു. തുടർന്ന് നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. വിമാനക്കമ്പനി അബദ്ധം സമ്മതിച്ചതും കേസിൽ നിർണായകമായി.
വിമാനം പറന്നുയർന്നയുടൻ ക്യാബിനുകൾ ശ്രദ്ധയില്ലാതെ തുറക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നുള്ള വീഴ്‌ചയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. തുടർന്നാണ് യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.