'അനുവാദമില്ലാതെ ഗാനങ്ങളെടുത്തതിന് അഞ്ച് കോടി നൽകണം'; അജിത് ചിത്രത്തിന്റെ നിർമാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാജ

Tuesday 15 April 2025 3:25 PM IST

ചെന്നൈ: അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് സംഗീതജ്ഞൻ ഇളയരാജ. അനുമതിയില്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചുവെന്നാണ് പരാതി. നഷ്‌ടപരിഹാരമായി അഞ്ച് കോടി രൂപ നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി.

ഇതിന് മുമ്പും തന്റെ ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് കാട്ടി പല സിനിമാക്കാർക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ പത്തിനായിരുന്നു ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം റിലീസ് ചെയ്‌തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത ചിത്രം മുൻവിധികളെയെല്ലാം മാറ്റിമറിച്ച് മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്‌ത് അഞ്ച് ദിവസത്തിൽ 100 കോടിയിലധികം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ഈ വർഷം ഫെബ്രുവരിയിൽ ഇറങ്ങിയ അജിത്തിന്റെ ചിത്രം വിഡാമുയർച്ചി ലൈഫ് ടൈം കളക്ഷൻ 136 കോടിയാണ് നേടിയത്. ഈ കളക്ഷനെ ഗുഡ് ബാഡ് അഗ്ലി നാല് ദിവസത്തിൽ മറികടന്നുവെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ട് പ്രകാരം, തമിഴ് പുത്താണ്ട്, വിഷു പോലുള്ള അവധികൾ നിലനിൽക്കുന്ന തിങ്കളാഴ്‌ച ചിത്രം 15 കോടിയാണ് നെറ്റ് കളക്ഷൻ നേടിയത്. ഇതോടെ ഇന്ത്യയിലെ മാത്രം ചിത്രത്തിന്റെ കളക്ഷൻ 101.3 കോടിയായി. മാസ് ആക്ഷൻ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയിൽ സുനിൽ, ഷൈൻ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്‌പ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും ടി സീരിസുമാണ് നിർമാതാക്കൾ. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.