ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. ജൂലായ് ഒന്ന് മുതൽ ചെറിയ തോതിൽ വർദ്ധനയുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നോൺ-എസി മെയിൽ/ എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു കിലോമീറ്ററിന് ഒരു പൈസയും എസി ട്രെയിൻ ഒരു കിലോമീറ്ററിന് രണ്ട് പൈസ നിരക്കിലുമാണ് വർദ്ധന. 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ്, സബർബൻ ടിക്കറ്റ് നിരക്കിൽ വർദ്ധനയില്ല. 500 കിലോമീറ്റർ മുകളിലുള്ള യാത്രയ്ക്ക് ഒരു കിലോമീറ്ററിന് അര പൈസയാണ് വർദ്ധിപ്പിച്ചത്. സീസൺ ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല.
ഈ മാസം ആദ്യം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം റെയിൽവെ നടപ്പാക്കിയിരുന്നു. ഐആർസിടിസി വെബ്‌സൈറ്റ് വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ ഓതന്റിക്കേഷൻ പ്രക്രിയ കൂടി പൂർത്തിയാക്കണം എന്നതാണ് പുതിയ നിബന്ധന. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഐആർസിടിസി വഴി ടിക്കറ്റ് എടുക്കാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് കൺഫർമേഷൻ കിട്ടാനും കരിഞ്ചന്തയിൽ ടിക്കറ്റ് മറിച്ച് വിൽക്കുന്നത് തടയുന്നതിന് വേണ്ടിയുമാണിത്. ആധാർ വെരിഫിക്കേഷൻ നടത്തുന്നവർക്ക് മാത്രമേ ജൂലായ് ഒന്നു മുതൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. ആധാർ ഉപയോഗിച്ച് ഓതന്റിക്കേഷൻ നടത്തുന്ന യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റിലൂടെയും ആപ്പ് വഴിയും തത്കാൽ ബുക്ക് ചെയ്യാം. ജൂലായ് 15 മുതൽ തത്കാൽ ഓൺലൈൻ ബുക്കിംഗിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം നിർബന്ധമാക്കും.
റെയിൽവേ കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ മുഖേനയും നടത്തുന്ന ബുക്കിംഗുകൾക്ക് യാത്രക്കാരന്റെ മൊബൈൽ ഫോണിലേക്ക് അയയ്ക്കുന്ന ഒടിപി സ്ഥിരീകരണവും ജൂലായ് 15 മുതൽ അനിവാര്യമാക്കി. അംഗീകൃത ടിക്കറ്റ് ഏജന്റുമാർക്ക് ആദ്യ 30 മിനിട്ടിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ല. എസി ക്ലാസുകൾക്ക് രാവിലെ 10 മുതൽ 10.30 വരെയും, എ.സി ഇതര ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11.30 വരെയുമാണ് നിയന്ത്രണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |