ഈസ്റ്റ് റുഥർഫോർഡ്: ആദ്യ സെമിയിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഇംഗ്ലീഷ് കരുത്തൻമാരായ ചെൽസി ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഈസ്റ്റ് റുഥർഫോർഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ ഫ്ലുമിനസിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് വന്ന ബ്രസീലിയൻ താരം ജാവോ പെഡ്രോയാണ് ചെൽസിയുടെ രണ്ട് ഗോളുകളും നേടിയത്. ഈ മാസം ചെൽസിയിലെത്തിയ ജാവോ പെഡ്രോ ആദ്യമായാണ് ചെൽസിയുടെ ആദ്യ ഇലവനിൽ കളിക്കുന്നത്. തന്റെ ബാല്യകാല ക്ലബിനെതിരെ 18,56 മിനിട്ടുകളിലാണ് പെഡ്രോ ചെൽസിക്കായി സ്കോർ ചെയ്തത്. പെസഷനിലും പാസിംഗിലും ഷോട്ടുകളിലുമെല്ലാം ചെൽസിക്ക് തന്നെയായിരുന്നു മുൻതൂക്കം.
യൂറോപ്യൻ ചാമ്പ്യൻ
ഇതോടെ ഇത്തവണത്തെ ക്ലബ് ലോകകപ്പ് ചാമ്പ്യൻമാരും യൂറോപ്പിൽ നിന്ന് തന്നെയാകുമെന്ന് ഉറപ്പായി. 2012ന് ശേഷം ക്ലബ് ലോകകപ്പിൽ യൂറോപ്പിന് പുറത്ത് നിന്ന് ചാമ്പ്യന്മാരുണ്ടായിട്ടില്ല. ഇത്തവണ പ്രീക്വാർട്ടറിലേക്ക് 4ഉം ക്വാർട്ടറിലേക്ക് 2ഉം ബ്രസീലിയൻ ടീമുകൾ യോഗ്യത നേടിയിരുന്നെങ്കിലും സെമിയിൽ എത്താനായത് ഫ്ലുമിനസിന് മാത്രമാണ്.
ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലർച്ചെ 12.30ന് തുടങ്ങുന്ന ഫൈനലിൽ റയൽ മാഡ്രിഡ് -പി.എസ്.ജി സെമി ഫൈനലിലെ വിജയിയാകും ചെൽസിയുടെ എതിരാളികൾ. 2021ൽ ചെൽസി ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്.
കേരളം റൈസ് 2025 ചെസ്
തിരുവനന്തപുരം: അന്തർദേശീയ ചെസ് ദിനമായ ജൂലായ് 20ന് കേരളം റൈസ് 2025പേരിൽ ചെസ് കേരളയും പ്രീമിയർ ചെസ് അക്കാഡമിയും 14 ജില്ലകളിലേയും 15 വയസിൽ താഴെയുള്ള താരങ്ങൾക്ക് മാറ്റുരയ്‌ക്കാനുള്ള അവസരമൊരുക്കുന്നു. ഓരോ കുഞ്ഞും ഉദിച്ചുയരുന്നൊരു തരമാണ് എന്ന മുദ്രാവാക്യത്തോടെ നടത്തുമെഗാ ചെസ് പോരാട്ടത്തിൽ എല്ലാ ജില്ലകളിൽ നിന്നുമായി 2800 ഓളം താരങ്ങൾ പങ്കെടുക്കും. 100 ചെസ് ആർബിറ്റർമാർ മത്സരങ്ങൾ നിയന്ത്രിക്കും. രാവിലെ മുതൽ വൈകിട്ട് വരെ ചെസ് ലീഗ് സമ്പ്രദായത്തിലാണ് മത്സരങ്ങൾ നടത്തുന്നത്.പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും ട്രോഫികളും മെഡലുകളും നൽകും. കേരളം റൈസ് 2025ൽ നിന്ന് ഭാവിയിലേക്കുള്ള വാഗ്ദ്ധാനങ്ങളെ കണ്ടെത്തി അവർക്ക് വിദഗ്ദ്ധ പരിശീലനം നൽകാനും പദ്ധതിയുണ്ടെന്ന് ചെസ് കേരള പ്രസിഡന്റ് പ്രൊഫ. എൻ.ആർ അനിൽ കുമാർ,പ്രിമിയർ ചെസ് അക്കാഡമി സി.ഇ.ഒ രഞ്ജിത്ത് ബാലകൃഷ്ണൻ, ചെസ് തൃശൂർ പാട്രൺ അജിത് കുമാർ രാജ എന്നിവർ അറിയിച്ചു. 99 രൂപയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രവേശ ഫീസ്. ഫോൺ:9497380458, 9446230888.
സച്ചിൻ സുരേഷിന് ട്രിപ്പിൾ സെഞ്ച്വറി
തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ ചരിത്ര നേട്ടവുമായി എ.ജി.ഒ.ആർ.സി താരം സച്ചിൻ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബുമായുള്ള മത്സരത്തിൽ സച്ചിൻ 334 റൺസ് നേടി. ഒരു കേരള താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇത്. മത്സരത്തിൽ എ.ജി.ഒ.ആർ.സി ഇന്നിംഗ്സിനും 324 റൺസിനും തകർപ്പൻ ജയവും സ്വന്തമാക്കി. രഞ്ജി ക്രിക്കറ്റ് ക്ലബ് ഒന്നാം ഇന്നിംഗ്‌സിൽ 187 റൺസിന് ഓൾ ഔട്ടായി.തുടർന്ന് ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ എ.ജി.ഒ.ആർ.സി സച്ചിന്റെയും സഞ്ജു സാംസൺസന്റെ സഹോദരൻ സാലി വിശ്വനാഥിന്റെയും ഉജ്ജ്വല ഇന്നിങ്സുകളുടെ മികവിൽ അഞ്ച് വിക്കറ്റിന് 613 റൺസ് നേടി. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ രഞ്ജി ക്ലബ് 102 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
വെറും 197 പന്തുകളിൽ നിന്നായിരുന്നു സച്ചിൻ 334 റൺസ് നേടിയത്. 27 ബൌണ്ടറികളും 24 സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്. സാലി 118 പന്തുകളിൽ നിന്ന് 148 റൺസ് നേടി. ഇരുവരും ചേർന്ന് 403 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സി കെ നായിഡു ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സച്ചിൻ സെഞ്ച്വറിയും നേടിയിട്ടുണ്ട്. പാലക്കാട് നല്ലേപ്പള്ളി സ്വദേശികളായ സുരേഷും ബിന്ദുവുമാണ് സച്ചിന്റെ മാതാപിതാക്കൾ. കേരള താരം സച്ചിൻ ബേബിയാണ് മെന്റർ.
സംസ്ഥാന ചെസ്
ഇടപ്പള്ളി: നിർമ്മൽ ശിവരാജൻ സ്മാരക അഖില കേരള ചെസ് മത്സരം ഞായറാഴ്‌ച എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. ഓപ്പൺ, അണ്ടർ 12, 17 വിഭാഗത്തിലാണ് മത്സരം. വിവരങ്ങൾക്ക് 9895173241.
ഐ.സി.സി അമ്പയർ ബിസ്മില്ല ജൻ ഷിൻവാരി അന്തരിച്ചു
കാബൂൾ: പാകിസ്ഥാനിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള
ഐ.സി.സി പാനൽ അമ്പയർ ബിസ്മില്ല ജൻ ഷിൻവാരി അന്തരിച്ചു. ശസ്ത്രക്രിയയ്‌ക്ക് പിന്നാലെയായിരുന്നു 41കാരനായ ബിസ്‌മില്ലയുടെ മരണം. 34 ഏകദിനങ്ങളും 26 ട്വന്റി-20 മത്സരങ്ങളും ഷിൻവാരി നിയന്ത്രിച്ചിട്ടുണ്ട്. 2017ൽ ഷാർജയിൽ നടന്ന അഫ്ഗാൻ -അയർലൻഡ് മത്സരമാണ് അദ്ദേഹം നിയന്ത്രിച്ച ആദ്യ അന്താരാഷ്ട്ര മത്സരം. പെഷവാറിലെ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്ര ക്രിയയ്‌ക്ക് വിധേയനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |