ഹൈദരാബാദ്: ക്രിസ്ത്യൻ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്തതിന് തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരനെ സസ്പെൻഡുചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ തിരുപ്പതി പുട്ടൂർ സ്വദേശി എ രാജശേഖരബാബുവിനെയാണ് തിരുപ്പതി ദേവസ്വം ജോലിയിൽ നിന്ന് മാറ്റിനിറുത്തിയത്. ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നു എന്ന് കണ്ടെതിനെത്തുടർന്നാണ് നടപടി എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഹിന്ദുമത വിശ്വാസങ്ങൾ പിന്തുടരുന്നവർക്ക് മാത്രമാണ് ക്ഷേത്രത്തിൽ ജോലിചെയ്യാൻ അർഹതയുള്ളത് എന്ന് സർവീസ് നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർ ഹൈന്ദവേതര ആചാരങ്ങളിൽ നിന്നും ജീവിതരീതികളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ ദേവസ്വംബോർഡിന് അനുമതി നൽകുന്നുണ്ട്. ഹിന്ദുമതാചാരപ്രകാരം പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് തിരുപ്പതി ദേവസ്വം.
രാജശേഖരബാബു പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനകളിൽ പതിവായി പങ്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം അധികൃതർ മുന്നറിയിപ്പുനൽകിയിരുന്നു. അന്യമതസ്ഥരുടെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ പള്ളിയിൽ പോകുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാൽ വീണ്ടും പ്രാർത്ഥനയിൽ പങ്കെടുക്കുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയായിരുന്നു നടപടി എടുക്കാൻ തീരുമാനിച്ചത്.
തിരുപ്പതി ദേവസ്വംബോർഡിന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഹിന്ദുക്കളല്ലാത്ത ജീവനക്കാർക്ക് അടുത്തിടെ സംസ്ഥാന സർക്കാരിന്റെ മറ്റുവകുപ്പുകളിലേക്ക് മാറാനോ സ്വയം വിരമിക്കൽ സ്വീകരിക്കാനോ അവസരം നൽകാൻ ബോർഡ് തീരുമാനിച്ചിരുന്നു. അദ്ധ്യാപകരും സാങ്കേതിക വിഭാഗം ജീവനക്കാരുൾപ്പെടെ പതിനെട്ടോളം പേരെ നേരത്തേ സമാനകാരണങ്ങളാൽ സ്ഥലംമാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |