ജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. പ്രദേശവാസികളായ രണ്ടുപേർക്ക് പരിക്കേറ്റു. സൂറത്ത്ഗഢ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന എസ്.ഇ.പി.ഇ.സി.എ.ടി ജാഗ്വർ യുദ്ധവിമാനമാണ് ഭനോദ ഗ്രാമത്തിന് സമീപമുള്ള വയലിൽ ഇന്നലെ ഉച്ചയ്ക്ക് 1.25ന് തകർന്ന് വീണത്. വിമാനം പൂർണമായും കത്തിനശിച്ചു. പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു.
അതേസമയം, വിമാനം ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നുവെന്ന് ഗ്രാമീണർ പറഞ്ഞു. ഈ വർഷം തകർന്നു വീണ മൂന്നാമത്തെ ജാഗ്വറാണിത്. ഹരിയാനയിലെ പഞ്ച്കുളയിൽ മാർച്ച് ഏഴിനും ഗുജറാത്തിലെ ജാംനഗറിൽ ഏപ്രിൽ രണ്ടിനും ജാഗ്വർ വിമാനങ്ങൾ തകർന്നുവീണിരുന്നു. സിസ്റ്റം തകരാറിനെ തുടർന്നാണ് ഹരിയാനയിൽ അന്ന് വിമാനം തകർന്ന് വീണത്. സമയോചിതമായ ഇടപെടലിനെ തുടർന്ന് പൈലറ്റ് അതിസാഹസിയകമായിയാണ് രക്ഷപ്പെട്ടത്. തുടർന്ന് ഒരു മാസത്തിനുശേഷമാണ് ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിന് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് മറ്റൊരു ജാഗ്വാർ യുദ്ധവിമാനം തകർന്ന് വീണത്. അന്ന് അപകടത്തിൽ പൈലറ്റ് കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. സഹപൈലറ്റിന്റെ ജീവൻ രക്ഷിച്ചാണ് സിദ്ധാർത്ഥ് യാദവ് അന്ന് മരണത്തിന് കീഴടങ്ങിയത്. അപകടത്തിന് ശേഷം ഇന്ത്യൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ജാഗ്വാർ ഫൈറ്റർ ജെറ്റ്
ആറ് സ്‌ക്വാഡ്രണുകളിലായി 120 ജഗ്വാർ ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്. സിംഗിൾ, ഇരട്ട സീറ്റ് വേരിയന്റുകളിലുള്ള ഇരട്ട എൻജിൻ ഫൈറ്റർ-ബോംബറാണ് ജാഗ്വാർ. കരയിലെ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നു. വിന്റേജ് വിമാനങ്ങളായി കണക്കാക്കുന്നവയാണെങ്കിലും വ്യോമസേന വ്യാപകമായി ഉപയോഗിക്കുന്ന വിമാനങ്ങളാണിത്. ബ്രിട്ടീഷ്-ഫ്രഞ്ച് സൂപ്പർസോണിക് ജെറ്റ് ആക്രമണ വിമാനമായ ജാഗ്വാർ ജെറ്റുകൾ 1979ൽ മുതലാണ് ഐ.എ.എഫിൽ ഉൾപ്പെടുത്തി തുടങ്ങിയത്. നിലവിൽ 2040 വരെ ഇന്ത്യൻ വ്യോമസേനയിൽ തുടരുമെന്നാണ് റിപ്പോർട്ട്. പരമ്പരാഗത സ്വെപ്റ്റ് വിംഗ് ഡിസൈൻ, രണ്ട് അണ്ടർ പവർ റോൾസ് റോയ്‌സ് ടർബോമെക്ക അഡോർ എൻജിനുകൾ, രണ്ട് 30-എം.എം പീരങ്കികൾ, വിവിധതരം റോക്കറ്റുകൾ, മിസൈലുകൾ, ഗൈഡഡ് അല്ലെങ്കിൽ അൺഗൈഡഡ് ബോംബുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ഏഴ് ഹാർഡ് പോയിന്റുകൾ ജെറ്റിന്റു സവിശേഷതയാണ്. ഐ.എ.എഫ് മിറേജ്, ഐ.എ.എഫ് സു-30എം.കെ.ഐ എന്നിവയ്‌ക്കൊപ്പം സംഘർഷ മേഖലകളിൽ ജാഗ്വാറിനെ സജീവമായി വിന്യസിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്.
1999ലെ പാകിസ്ഥാനുമായുള്ള കാർഗിൽ യുദ്ധത്തിൽ ജാഗ്വാർ സജീവ പങ്കുവഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |