വഡോദര: ഗുജറാത്തിൽ ആനന്ദ്,വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാദ്ര താലൂക്കിലെ പാലം തകർന്ന് 13 മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. മഹിസാഗർ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീഴുകയായിരുന്നു. രണ്ട് ട്രക്കുകൾ,ഒരു എസ്.യു.വി,ഒരു പിക്കപ്പ് വാൻ,ഒരു ഓട്ടോറിക്ഷ എന്നിവയാണ് നദിയിലേക്ക് വീണത്.
ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. തിരക്കില്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പാദ്ര പൊലീസും ഫയർ സംഘവും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് എൻ.ഡി.ആർ.എഫും പിന്നീട് ഒപ്പം ചേർന്നു. തെരച്ചിൽ തുടരുകയാണ്. മുങ്ങിയ വാഹനങ്ങൾ വീണ്ടെടുക്കാൻ ക്രെയിനുകൾ എത്തിച്ചു. പാലത്തിന്റെ ശോച്യാവസ്ഥയും അറ്റകുറ്റപ്പണികളിലെ പ്രശ്‌നവുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽ മരണപ്പെട്ട കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.
അതേസമയം, 44 വർഷം പഴക്കമുള്ള പാലം ജീർണാവസ്ഥയിലായിരുന്നു. പാലത്തിന്റെ ബലം പരീക്ഷിക്കാൻ 2022ൽ ജില്ലാ കളക്‌ടർ ഉത്തരവിട്ടെങ്കിലും നടന്നില്ല. പകരം അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കുകയായിരുന്നു. 900 മീറ്റർ നീളുമുള്ള പാലത്തിന് 23 തൂണുകളുണ്ട്. 1981ലാണ് നിർമ്മിച്ചത്. 1985ൽ ഗാതാഗതത്തിനായി തുറന്നു കൊടുത്തു.
മൂന്നു വർഷത്തിനിടെ
10ലധികം പാലങ്ങൾ
2022 ഒക്ടോബർ 30: മോർബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് 141 മരണം
2021 ഡിസംബർ 21: അഹമ്മദാബാദിലെ മുംതാപുര പാലത്തിന്റെ ഒരു ഭാഗം തകർന്നു.
2024 ആഗസ്റ്റ് 26: മോർബിയിലെ ഹൽവാദിൽ ന്യൂ കൊയ്ബയെ ഓൾഡ് കൊയ്ബയുമായി ബന്ധിപ്പിക്കുന്ന പാലം കനത്ത മഴയിൽ തകർന്നു.
2024 ജൂലായ് 30: സൂറത്ത് നഗരത്തിലെ സരോലി പ്രദേശത്തുള്ള മെട്രോ ഫ്ലൈഓവറിന്റെ ഒരു ഭാഗം ഉദ്ഘാടനത്തിന് മുമ്പ് തകർന്നു.
2024 ഫെബ്രുവരി 14: മെഹ്‌സാനയിലെ അംബേദ്കർ പാലത്തിന്റെ ഒരു ഭാഗം തകർന്നു.
2023 ഒക്ടോബർ 23: പാലൻപൂർ ആർ.ടി.ഒ സർക്കിളിന് സമീപം നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു.
2023 ഒക്‌ടോബർ 4: ഖേഡ ജില്ലയിലെ ബമാംഗത്തെയും പാരിജിനെയും ബന്ധിപ്പിക്കുന്ന പാലം തകർന്നു.
2023 ജൂലായ് 5: ധന്ദുസറിൽ 45 വർഷം പഴക്കമുള്ള പാലം തകർന്നു.
2022 ജനുവരി 25: രാജ്കോട്ടിലെ മധാപാർ കവലയ്ക്ക് സമീപം പാലത്തിന്റെ പിയർ തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |