കൊൽക്കത്ത: കൊൽക്കത്ത ലോകോളേജിൽ 24കാരിയായ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ മുഖ്യ പ്രതി തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്ത് (ടിഎംസിപി) നേതാവ് മനോജിത്ത് മിശ്ര മുമ്പും നിരവധി സ്ത്രീകളെ ഉപദ്രവിച്ചിരുന്നുവെന്ന് മുൻ സുഹൃത്ത് ടൈറ്റാസ് മന്ന.
അതിജീവിച്ചവർ പരാതി നൽകാൻ ഭയപ്പെട്ടിരുന്നുവെന്നും സുഹൃത്ത് ആരോപിച്ചു. 2013-ൽ നടന്ന ഒരു കുത്ത് കേസിലും മനോജിത്ത് മിശ്ര ഉൾപ്പെട്ടിരുന്നു. അതിനു ശേഷം മൂന്ന് വർഷത്തേക്ക് ഇയാൾ ഒളിവിലായിരുന്നു എന്നാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടൈറ്റാസ് മന്ന വെളിപ്പെടുത്തിയത്.
ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ ഇയാളെ വിദ്യാർത്ഥി രാഷ്ട്രീയത്തിനും വേണ്ടാതയായി. ഇയാൾ നേതൃത്വം നൽകുന്ന അക്രമങ്ങൾ ക്യാമ്പസിൽ തുടർക്കഥകളായിരുന്നു.വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലും സഹപാഠികളെ ആക്രമിക്കുന്നതിനും ഒരു കാലത്ത് പേരുകേട്ടയാളാണ് മനോജിത്തെന്നും ടൈറ്റാസ് മന്ന പറയുന്നു.
2012ൽ സൗത്ത് കൽക്കട്ട ലോ കോളേജിലെ ടിഎംസിപിയിൽ പ്രവർത്തിക്കുമ്പോഴാണ് താനും മനോജിത്തും പരിചയത്തിലായതെന്ന് ടൈറ്റാസ് പറഞ്ഞു. “ഒരു കാറ്ററിംഗ് തൊഴിലാളിയെ കുത്തി പരിക്കേൽപ്പിക്കുകയും വിരൽ മുറിച്ചു.ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു, തുടർന്ന് കുറച്ച് വർഷത്തേക്ക് ക്യാമ്പസിൽ നിന്നും അപ്രത്യക്ഷനായി. കേസ് ഒത്തുതീർപ്പായ ശേഷം 2016ൽ വീണ്ടും കോളേജിൽ ചേർന്നത്.
എന്നാൽ, 2017ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോൾ ക്രിമിനൽ പശ്ചാത്തലം ചൂണ്ടികാണിച്ച് ടിഎംസിപി നേതൃത്വം മാറ്റി നിർത്തുകയായിരുന്നു. കോളേജിൽ വരാം, പഠിക്കാം, കോഴ്‌സ് പൂർത്തിയാക്കാം, പക്ഷേ വിദ്യാർത്ഥി യൂണിയനിൽ തുടരാൻ അനുവദിക്കില്ലെന്നായിരുന്നു ടിഎംസിപി നേതൃത്വത്തിന്റെയും വിദ്യാർത്ഥി യൂണിയന്റെയും കർശന നിലപാട്.
ഇതിൽ കലി കയറിയ മനോജിത്ത് ദിവസങ്ങൾക്കുള്ളിൽ, 40ഓളം അനുയായികളുമായി ക്യാമ്പസിലേക്ക് ഇരച്ചുകയറി വിദ്യാർത്ഥി യൂണിയൻ അംഗങ്ങളെ ആക്രമിച്ചു.ഇതിനു ശേഷം ഇയാളുടെ ഭീകരഭരണമാണ് ക്യാമ്പസിൽ അരങ്ങേറിയത്.ടൈറ്റാസ് മന്ന പറയുന്നു.
"കോളേജിൽ കലാപമുണ്ടാക്കിയ ശേഷം ആരും അയാളുമായി സഹകരിക്കാൻ ആഗ്രഹിച്ചില്ല. മോശം പെരുമാറ്റം ദിനംപ്രതി വഷളായിക്കൊണ്ടിരുന്നു. എപ്പോഴും വഴക്കുകളിൽ ഏർപ്പെടും, മറ്റ് വിദ്യാർത്ഥികളെ തല്ലും, അവരെ ഭീഷണിപ്പെടുത്തുകയും, വ്യാജ കേസുകളിൽ കുടുക്കുകയും ചെയ്യും," ടൈറ്റാസ് പറഞ്ഞു.
മനോജിത്തിന്റെ പെരുമാറ്റത്തെ ടിഎംസിപി ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ടൈറ്റാസ് വ്യക്തമാക്കി. “മനോജിത്തിന്റെ നടപടികളെ പാർട്ടി ഒരിക്കലും അംഗീകരിച്ചിരുന്നില്ല, മുൻ യൂണിറ്റ് പ്രസിഡന്റ് പോലും അധികാരികൾക്ക് പരാതി നൽകിയിരുന്നു, എന്നിട്ടും, ക്യാമ്പസിലെ മനോജിത്തിന്റെ സാന്നിധ്യം നിയന്ത്രണാതീതമായി തുടർന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള നിരവധി സംഭവങ്ങളിൽ മനോജിത്ത് ഉൾപ്പെട്ടിരുന്നു. പലരും ഭയം കൊണ്ട് പരാതി നൽകാത്തതിനാൽ ഒന്നും പുറത്തുവന്നില്ല'. ടൈറ്റാസ് ആരോപിച്ചു.
ജൂൺ 25 ന് കോളേജിലെ ഗാർഡ് റൂമിനുള്ളിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ലോ കോളേജിലെ നിലവിലെ രണ്ട് വിദ്യാർത്ഥികളോടൊപ്പം മനോജിത്തിനെയും ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹാഭ‌്യർത്ഥന നിരസിച്ചതിനാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പരാതി നൽകിയ അതിജീവിത പൊലീസിനോട് പറഞ്ഞു.മനോജിത്തിനെതിരെ വർഷങ്ങളായി നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് കോളേജ് വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |