കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കുകയാണോ? നുണ പ്രചരിപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ്  നരേന്ദ്രമോദിയുടെ  ഗ്യാരന്റിയെന്ന് മല്ലികാർജുൻ ഖാർഗെ

Thursday 08 February 2024 8:00 AM IST

ന്യൂഡൽഹി: പത്ത് വർഷം ഭരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസിനെ പഴിക്കാൻ മാത്രമേ അറിയുകയുളളൂവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.

'ഭരണഘടനയിൽ വിശ്വസിക്കാത്ത, ദണ്ഡി യാത്രയിലോ ക്വിറ്റ് ഇന്ത്യ സമരത്തിലോ പങ്കെടുക്കാത്തയാളുകൾക്ക് കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ എങ്ങനെ ധൈര്യം വന്നു? നുണ പ്രചരിപ്പിക്കുമെന്ന കാര്യത്തിൽ മാത്രമാണ് നരേന്ദ്രമോദിയുടെ ഗ്യാരന്റി. യുപിഎ കാലത്തേക്കാൾ കുറവാണ് പ്രധാനമന്ത്രിയുടെ ഭരണകാലത്തെ ജിഡിപി വളർച്ച. 14 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് മോചിപ്പിച്ച ഭരണമാണ് ഞങ്ങളുടേത്. ആധാർ – ബാങ്ക് അക്കൗണ്ട് ബന്ധനത്തിലൂടെ ഡിജിറ്റൽ ഇന്ത്യയ്ക്ക് തുടക്കമിട്ടത് യുപിഎ സർക്കാരാണ്'- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗവും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പ്രസ്താവനയും പുറത്തുവന്നതോടെ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റ് കടക്കില്ലെന്ന കാര്യം ഉറപ്പായെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു. കോൺഗ്രസിന് 40 സീറ്റെങ്കിലും നേടാൻ താൻ പ്രാർത്ഥിക്കാമെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.