മുംബയ് ബോട്ടപകടം; ആശുപത്രിയിൽ കഴിഞ്ഞിരുന്ന മലയാളി ബാലന്റെ മാതാപിതാക്കളെ കണ്ടെത്തി, സുരക്ഷിതർ

Thursday 19 December 2024 1:50 PM IST

മുംബയ്: മുംബയ് ബോട്ട് അപകടത്തിൽ പെട്ട മലയാളി കുടുംബം സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ ജോർജ് മാത്യുവും നിഷ ജോർജ് മാത്യുവും ആറും വയസുകാരൻ ഏബൽ മാത്യുവും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ് ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ച ആറുവയസുകാരൻ മലയാളിയാണെന്ന് സംസാരത്തിൽ നിന്ന് മനസിലാക്കിയിരുന്നു.

പിന്നാലെ കുട്ടിയോട് ചോദിച്ചപ്പോഴാണ് മാതാപിതാക്കൾക്കൊപ്പമാണ് എത്തിയെന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു ആശുപത്രിയിൽ നിന്ന് മാതാപിതാക്കളെ തിരിച്ചറിഞ്ഞു. കുട്ടിയെ ഉറാൻ പൊലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. മുംബയിലെ ചാന്ദിവലിയിലുള്ള ബന്ധുവീട്ടിലാണ് ഈ കുടുംബം ഇപ്പോൾ ഉള്ളത്. പത്തനംതിട്ട സ്വദേശിയായ ഇവർ വിനോദയാത്രയ്ക്കാണ് മുംബയിൽ എത്തിയത്.

യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. ​​ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. വൈകുന്നേരം നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്രാ ബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 13 പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

110 പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. നാവികസേനയുടെ സ്‌പീഡ് ബോട്ടിന്റെ ഡ്രെെവർക്കെതിരെ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനേത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് നാവികസേനയുടെ വിശദീകരണം.