ന്യൂഡൽഹി: കത്വയിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതുൾപ്പെടെ ജമ്മുകാശ്‌മീരിലെ ക്രമസമാധാനം തകരുന്ന ഭീകരാക്രമണങ്ങളുടെ സാഹചര്യത്തിൽ സർജിക്കൽ ആക്രമണ മാതൃകയിൽ തിരിച്ചടിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ കത്വത്തിൽ നടന്ന അഞ്ചാമത്തെ ഭീകരാക്രമണം സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് നീക്കം. കത്വ ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച സേനയുടെ സുപ്രീം കമാൻഡറായ രാഷ്‌ട്രപതി ദ്രൗപദി മുർമു ശക്തിയായി തിരിച്ചടി നൽകണമെന്ന് പ്രതികരിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ രാഷ്‌ട്രപതി ആശ്വസിപ്പിച്ചു. കത്വ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പാകിസ്ഥാന്റെ പേര് പറയാതെ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. അതിനിടെ കത്വ ഭീകരാക്രമണ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിയും ചേർന്നു. ഭീകരരെ കണ്ടെത്താൻ ജമ്മു കാശ്മീർ പൊലീസ് മേധാവി ആർ.ആർ. സ്വെയിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. അക്രമണം നടത്തിയത് ഏത് സംഘടനയിലുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ബസന്ത്ഗഡ്, സിയോജ്, ബാനി, ദഗ്ഗർ, കിദ്ലി തുടങ്ങിയ മലനിരകൾ ഉൾക്കൊള്ളുന്ന മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചു. ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തി സർജിക്കൽ ആക്രമണ മാതൃകയിൽ ഓപ്പറേഷൻ നടത്താൻ കേരസനയുടെ എലൈറ്റ് ‘പാരാ’ യൂണിറ്റിനെ വിന്യസിച്ചു.
ഭീകരാക്രമണം
ഏകോപനത്തോടെ
കത്വയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 12 സൈനികരുള്ള രണ്ട് ട്രക്കുകൾക്ക് നേരെ നടന്നത് ഏകോപിത ആക്രമണമെന്നാണ് സൂചന. ട്രക്കുകൾക്ക് നേരെ ഗ്രനേഡുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വെടിയുതിർത്തു. കട്ടിയുള്ള വസ്‌തുക്കളിൽ തുളച്ചു കയറാൻ ശേഷിയുള്ള(സ്‌റ്റീൽ) വെടിയുണ്ടകളാണ് ഉപയോഗിച്ചത്.
കാടുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പരിശീലനം ലഭിച്ച 60ലധികം ഭീകരർ ജമ്മു മേഖലയിൽ നുഴഞ്ഞു കയറിയെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ ഇവരുടെ കൈവശം അത്യാധുനിക ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളുമുണ്ട്.
സംഭവത്തിന് പിന്നിൽ വിദേശ ഭീകരർ ഉൾപ്പെട്ടതായുള്ള സൂചനയെ തുടർന്നാണ് ജമ്മു കാശ്മീർ പൊലീസിനെ സഹായിക്കാൻ എൻ.ഐ.എ എത്തിയത്. പൊലീസ് മേധാവി ആർ.ആർ. സ്വെയിൻ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസുകാരും സംസ്ഥാന ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനും ഉന്നത സൈനിക ഉദ്യോഗസ്ഥരും കത്വയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 32 മാസത്തിനിടെ 44 സൈനികരാണ് ജമ്മു മേഖലയിൽ വീരമൃത്യു വരിച്ചത്.
വീണ്ടും ഏറ്റുമുട്ടൽ
അതിനിടെ, ജമ്മുവിലെ ദോദയിൽ ഏറ്റുമുട്ടലുണ്ടായി. സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.
കസ്വ- ദോദ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |