
ന്യൂഡൽഹി: ആദ്യവിവാഹം നിലനിൽക്കെ രണ്ടാംവിവാഹം ചെയ്‌ത സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിരിച്ചുവിട്ടത് സുപ്രീംകോടതി ശരിവച്ചു. കേന്ദ്രസർക്കാരിന്റെ അപ്പീൽ ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചു. 2006ൽ സർവീസിൽ കയറിയ സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ പ്രണബ് കുമാർ നാഥിനെയാണ് ആദ്യഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി 2017 ജൂലായിൽ പിരിച്ചുവിട്ടത്. താനുമായുള്ള വിവാഹബന്ധം നിലനിൽക്കെയാണ് ഭർത്താവിന്റെ രണ്ടാംവിവാഹമെന്നും തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും ആദ്യഭാര്യ ചൂണ്ടിക്കാട്ടിയിരുന്നു. വകുപ്പുതല അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. ആദ്യവിവാഹം നിയമപരമായി നിലനിൽക്കെ രണ്ടാംവിവാഹം ചെയ്യുന്നതിൽ നിന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ഈചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ചുവിടൽ. നടപടിക്കെതിരെ കോൺസ്റ്റബിൾ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതോടെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സേനയിൽ അച്ചടക്കം നിലനിർത്താനാണ് ഇത്തരം ചട്ടങ്ങളെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |