
ചരിത്രത്തിലേറെ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്. പുരാതന ഗ്രീക്കുകാരും റോമൻകാരും കുങ്കുമപ്പൂവുപയോഗിച്ച് നിർമിച്ച വാസനത്തൈലങ്ങൾ ഉപയോഗിക്കുമായിരുന്നു. 1550 മുതൽക്കേ ചൈനീസ് ഭാഷയിൽ രചിക്കപ്പെട്ട മെറ്റീരിയ മെഡിക്കയെന്ന പുസ്തകത്തിലും കുങ്കുമപ്പൂവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇന്ന് വിഭവങ്ങൾക്ക് രുചിയും മണവും പകരുന്നതിനും വസ്ത്രങ്ങൾക്ക് നിറം നൽകുന്നതിനുവരെ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്.
ഫ്രഞ്ച് ബോയിലാബൈസ്, സ്പാനിഷ് പെയല്ല, മൊറോക്കണ ടാഗിനുകൾ തുടങ്ങിയ ചില കിഴക്കൻ, മിഡിൽ ഈസ്റ്റേൺ, യൂറോപ്യൻ വിഭവങ്ങൾക്ക് രുചി പകരുന്നതിൽ അവിഭാജ്യഘടകമാണിത്. എന്നിരുന്നാലും കുങ്കുമപ്പൂവിന്റെ വില മറ്റുള്ള സുഗന്ധവ്യഞ്ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവേറിയതാണ്. അതിന്റെ വില വിളവെടുപ്പുമായി ബന്ധപ്പെട്ടിരുന്നു. മറ്റുള്ളവ വിളവെടുക്കാൻ യന്ത്രങ്ങളുടെ സഹായം തേടുമ്പോൾ കുങ്കുമപ്പൂവ് കൈകൊണ്ടാണ് വിളവെടുക്കുന്നത്. കുങ്കുമപ്പൂവിന് ഇത്രയും വിലയേറാൻ കാരണമെന്താണെന്ന് പരിശോധിക്കാം.

മെഡിറ്ററേനിയൻ. ഏഷ്യാമൈനർ, ഇറാൻ എന്നിവയാണ് കുങ്കുമപ്പൂവിന്റെ ജന്മദേശമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ സ്‌പെയിൻ. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നുണ്ട്. ക്രോക്കസ് സാറ്റിവസ് എന്നാണ് കുങ്കുമപ്പൂവിന്റെ ശാസ്ത്രീയനാമം. ഈ ചെടിയുടെ ചെറിയൊരുഭാഗം മാത്രമാണ് വേർതിരിച്ചെടുക്കുന്നത്. ഓരോ കുങ്കുമപ്പൂവിലും മൂന്ന് സ്റ്റിഗ്മാറ്റകൾ (പരാഗണം നടക്കുന്ന ഭാഗം) വിനിയോഗിക്കുന്നത്. അതിനാൽ ഒരു പൗണ്ട് കുങ്കുമപ്പൂവ് ഉണ്ടാക്കാൻ 75,000 കുങ്കുമപ്പൂക്കൾ ആവശ്യമാണ്. ഇവയെല്ലാം കുങ്കുമപ്പൂവിന്റെ വില കൂടാൻ കാരണമാകുന്നു,
ആദ്യകാലം മുതൽക്കേ കുങ്കുമപ്പൂവ് ഔഷധമായി ഉപയോഗിച്ചുവരുന്നുണ്ട്. ഗുണനിലവാരമേറിയ ഒരു കിലോഗ്രാം കുങ്കുമപ്പൂവിന് 10,000 ഡോളർ (ഏകദേശം ഏഴ് ലക്ഷം രൂപ) വിലയുണ്ട്. ചവർപ്പ് രുചിയുള്ള കുങ്കുമത്തിന് ഐഡോഫോമിന്റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്. പിക്രൊക്രൊസിൻ, സഫ്രണാൽ എന്നീ രാസവസ്തുക്കൾ അടങ്ങിയതിനാലാണ് കുങ്കുമത്തിന് ഈ മണം കിട്ടുന്നത്.

ചെടി നടുന്ന രീതി
കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്ന് മാസത്തോളം വളരാതെ ഇരിക്കും. അതിനുശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനുപുറത്തേക്കു വരുന്നു. ഏകദേശം നാല് സെന്റീമീറ്റർ നീളമുള്ള ഇലകളാണ് ഉണ്ടാവുന്നത്. ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നു. ഈ ചെടി വളർച്ച പൂർത്തിയാകുന്നതോടെ ഏകദേശം 30 സെന്റീമീറ്റർ നീളം വയ്ക്കുന്നു. ഓരോ മുകുളവും കടും ചുവപ്പുനിറമുള്ള പരാഗണസ്ഥലത്തിലാണ് അവസാനിക്കുന്നത്. നാരുപോലുള്ള പരാഗണസ്ഥലത്തിന് 30 മില്ലീമീറ്റർ നീളം ഉണ്ടാകും. നീളം കൂടുന്നതിനനുസരിച്ച് കുങ്കുമത്തിന്റെ ഗുണനിലവാരവും കൂടുന്നു.
വിളവെടുപ്പ്
കുങ്കുമപ്പൂവിന്റെ വിളവെടുപ്പ് കൃത്യസമയത്തുതന്നെ നടത്തിയിരിക്കണം. വൈകുന്നേരം പുഷ്പിച്ചാൽ പിറ്റേദിവസം രാവിലെ തന്നെ പൂക്കൾ വാടിപ്പോകുമെന്നതാണ് കാരണം. ഒന്നോ രണ്ടോ ആഴ്ചകളുടെ ഇടവേളയിൽ എല്ലാ ചെടിയും പുഷ്പിക്കും. ഒരു ഗ്രാം കുങ്കുമനാരുകൾ ലഭിക്കണമെങ്കിൽ 150 ഓളം പൂക്കൾ പറിക്കേണ്ടി വരും. 12 ഗ്രാം കുങ്കുമം ലഭിക്കണമെങ്കിൽ ഒരു കിലോഗ്രാം പൂക്കൾ വേണ്ടിവരും. ഒരു പൂവിൽ നിന്നും 30 മില്ലിഗ്രാം അസംസ്കൃത കുങ്കുമമോ ഏഴ് മില്ലിഗ്രാം ഉണക്ക കുങ്കുമമോ ലഭിക്കും. ഇവയുടെ പരിപാലനം, കാലാവസ്ഥ, മഴയുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് കുങ്കുമപ്പൂവിന്റെ ഗുണനിലവാരം വ്യത്യസ്തമാകുന്നത്. വിളവെടുപ്പുസമയം അടുക്കാറാകുമ്പോൾ മഴ ലഭിച്ചാൽ വലിയ പൂക്കൾ ലഭിക്കും. എന്നാൽ ഈ സമയത്ത് വരണ്ട കാലാവസ്ഥയാണെങ്കിൽ പൂക്കളുടെ വലുപ്പം കുറവായിരിക്കും.

ലോകത്തിൽ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമപ്പൂവ് വിടരുന്നത് ജമ്മുകാശ്‌മീരിലാണ്. ലോകത്ത് കുങ്കുമത്തിന്റെ വിവിധ ഇനങ്ങളുണ്ടെങ്കിലും 1600 മീറ്റർ ഉയരത്തിൽ വളരുന്നതും സവിശേഷതകൾ ഏറെയുള്ളതും കാശ്‌മീരി കുങ്കുമത്തിനാണ്. കാശ്മീർ കുങ്കുമത്തിന് നീളവും വണ്ണവുമുള്ള സ്റ്റിഗ്മയും കടുത്ത ചുവപ്പു നിറവും ഉയർന്ന അരോമയും കയ്പുമാണുള്ളത്. കുങ്കുമത്തിന്റെ നിലവാരവും കമ്പോളത്തിലെ വിറ്റുവരവും നിരീക്ഷിക്കാൻ അന്താരാഷ്ട്ര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മായം ചേർക്കൽ വ്യാപകമാണ്. നിലവാരം കുറഞ്ഞ കുങ്കുമത്തിലാണ് മായം ചേർക്കൽ കൂടുതലായും നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |