
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്‌മസ് ആഘോഷങ്ങൾ തടസപ്പെടുത്തി വ്യാപക അക്രമം. സി.ബി.സി.ഐ അടക്കം ക്രൈസ്‌തവ സംഘടനകൾ അക്രമങ്ങളെ അപലപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ അസാമിലെ നൽബാരിയിലെ സെന്റ് മേരീസ് സ്കൂളിൽ അക്രമികൾ അതിക്രമിച്ചു കയറി. അലങ്കാരങ്ങൾ, വിളക്കുകൾ, ചെടിച്ചട്ടികൾ എന്നിവ നശിപ്പിച്ചു. ബാനറുകളും പോസ്റ്ററുകളും കത്തിച്ചെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബൈജു സെബാസ്റ്റ്യൻ പറഞ്ഞു. ജയ്‌ശ്രീറാം മുദ്രാവാക്യം മുഴക്കിയ അക്രമികൾ സ്കൂളിൽ സരസ്വതി പൂജ ആഘോഷിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഈ വർഷം മുതൽ ക്രിസ്മസ് ആഘോഷം നിറുത്തണമെന്നും ആവശ്യപ്പെട്ടു. നൽബാരി പട്ടണത്തിൽ ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന കടകൾക്കു നേരെയും അക്രമമുണ്ടായി.പ്രിൻസിപ്പലിന്റെ പരാതിയിൽ വി.എച്ച്.പി ജില്ലാ സെക്രട്ടറി ഭാസ്‌കർ ദേക, ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പത്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത, ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ നയൻ താലൂക്ദാർ എന്നിവർ അറസ്റ്റിലായി.
ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പൂരിലെ മാഗ്നെറ്റോ മാളിൽ വടികളും ഹോക്കി സ്റ്റിക്കുകളുമായി എത്തിയ 40-50 പേരടങ്ങിയ അക്രമികൾ ക്രിസ്‌മസ് അലങ്കാരങ്ങൾ തകർത്തു. 'ജാതി ചോദിച്ച' ശേഷമായിരുന്നു അക്രമം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി മാൾ മാനേജ്‌മെന്റ് അറിയിച്ചു. നിർബന്ധിത മതമാറ്റത്തിൽ പ്രതിഷേധിച്ച് സർവ ഹിന്ദു സമാജ് എന്ന സംഘടന ആഹ്വാനം ചെയ്‌ത ബന്ദിനിടെയായിരുന്നു അക്രമം.
മദ്ധ്യപ്രദേശിലെ ജബൽപൂരിൽ, ക്രിസ്‌തമസ് പ്രാർത്ഥനാ യോഗത്തിനെത്തിയ ഭിന്നശേഷിക്കാരിയായ സ്‌ത്രീയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഞ്ജു ഭാർഗവയുടെ നേതൃത്വത്തിൽ കഴിഞ് ദിവസം അക്രമിച്ചിരുന്നു. ജബൽപൂരിലെ മധോത്തലിൽ പള്ളിയിൽ പ്രാർത്ഥനാ യോഗത്തിനിടെ 20ഒാളം കടന്നു ചെന്ന് ഭീഷണി മുഴക്കി. മതപരിവർത്തനം ആരോപിച്ചായിരുന്നു നടപടി. സാന്താ തൊപ്പികൾ, അലങ്കാരങ്ങൾ തുടങ്ങിയ ക്രിസ്മസ് വസ്തുക്കൾ വിൽക്കുന്ന തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ഡൽഹിയിലെ ലജ്പത് നഗറിൽ ബജ്രംഗ്ദൾ അംഗങ്ങൾ സാന്താക്ലോസ് തൊപ്പികൾ ധരിച്ച സ്ത്രീകളെയും കുട്ടികളെയും തടഞ്ഞു ആഘോഷം വീട്ടിനുള്ളിൽ മതിയെന്ന് ഭീഷണിപ്പെടുത്തി. രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിൽ സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. പ്രദേശത്ത് ക്രൈസ്‌തവ വിശ്വാസികളില്ലെന്നും അതിനാൽ മറ്റു സമുദായക്കാർക്കു മേൽ സമ്മർദ്ദം ചെലുത്തരുതെന്നുമാണ് ഉത്തരവിൽ. ഹരിയാനയിലെ ഹിസാറിലെ പള്ളിക്കു സമീപം ഹിന്ദു സംഘടനകൾ ഒത്തുകൂടിയതിനെ തുടർന്ന് വൻ സുരക്ഷയിലാണ് ക്രിസ്‌മസ് ആഘോഷം നടന്നത്.
ക്രിസ്മസ് കാലത്തെ ആക്രമണങ്ങളിൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |