
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി, വാജ്‌പേയി, ബി.ജെ.പി നേതാക്കളായ ദീൻ ദയാൽ ഉപാധ്യായ, ശ്യാമ പ്രസാദ് മുഖർജി എന്നിവർക്കായി സമർപ്പിച്ച ലക്നൗവിലെ രാഷ്‌ട്ര പ്രേരണ സ്ഥൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. ലക്നൗവിൽ ഗോമതി നദി തീരത്ത്, ഹർദോയ് റോഡിൽ 65 ഏക്കറിൽ ബി.ജെ.പി ചിഹ്‌നമായ താമരയുടെ ആകൃതിയിൽ നിർമ്മിച്ച രാഷ്ട്ര പ്രേരണ സ്ഥലിലെ മുഖ്യ ആകർഷണം മൂന്ന് നേതാക്കളുടെയും വെങ്കല പ്രതിമകളാണ്.
മഹാന്മാരായ വ്യക്തികളുടെ ജീവിതത്തിനും ആദർശങ്ങൾക്കും അമൂല്യ പൈതൃകത്തിനും വേണ്ടി സമർപ്പിച്ച സ്ഥലം പ്രചോദനാത്മക സ്മാരകമാണെന്ന് ഡിസംബർ 25ന് വാജ്പേയിയുടെ 101-ാം ജന്മവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു. നേതാക്കളുടെ ആദർശങ്ങൾ സ്വീകരിക്കാനും ഉൾക്കൊള്ളാനും ഭാവി തലമുറകളെ പ്രചോദിപ്പിക്കും. വാജ്‌പേയി തുടക്കമിട്ട നല്ല ഭരണത്തിന്റെ പൈതൃകം ഇപ്പോഴത്തെ സർക്കാർ വികസിപ്പിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പങ്കെടുത്തു.
അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തിൽ മോദി ന്യൂഡൽഹിയിലെ 'സദൈവ് അടൽ 'സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ, മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരും സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |