
ന്യൂഡൽഹി: പ്രതിരോധരംഗത്ത് വിപ്ളവകരമായ മാറ്റങ്ങളാണ് ഡ്രോണുകൾ തീർത്തത്. ശത്രുവിനുമേൽ അപ്രതീക്ഷിതമായ ആക്രമണം നടത്താൻ ഇവ പുതിയകാലത്ത് വളരെയധികം സഹായകമാണ്. ഇതിനൊപ്പം മനുഷ്യന് എളുപ്പം എത്തിപ്പെടാനാകാത്തയിടങ്ങളിലടക്കം നിരീക്ഷണത്തിനും ഇവ സഹായകമാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സപ്ളൈ ആൻഡ് സപ്പോർട്ട് (ബിഎസ്എസ്) മെറ്റീരിയൽ ലിമിറ്റഡ് കമ്പനി ബിഎസ്എസ് അലയൻസ് എക്കോസിസ്റ്റം എന്ന പേരിൽ ഇത്തരത്തിൽ പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ്. വിശ്വാസ്യത, പ്രവർത്തനപരമായ പ്രസക്തി എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചേർന്ന അൺമാൻഡ് ഏരിയൽ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കമ്പനി.
പൂർണമായും അൺമാൻഡ് വെപ്പണൈസ്‌ഡ് സിസ്റ്റമായ യമദൂത-3ഡി ഇത്തരത്തിൽ തയ്യാറാക്കിയതാണ്. ശത്രുക്കളെ തീരുമാനിക്കുക, കണ്ടെത്തുക, തകർക്കുക എന്നീ തത്വങ്ങളിൽ അധിഷ്‌ടിതമായാണ് യമദൂത-3ഡിയുടെ പ്രവർത്തനം. അഡ്വാൻസ്‌ഡ് സെൻസർ ഫ്യൂഷനും എഐ അധിഷ്‌ഠിത തീരുമാനമെടുക്കാനുള്ള പ്രാപ്‌തിയും വഴി അപകടങ്ങളെ വേഗം തിരിച്ചറിയുക, നേരിടുന്നതിന് മുൻഗണന നൽകുക, ആക്രമിക്കുക എന്നിവ യമദൂതക്ക് സാദ്ധ്യമാകും. ഇലക്‌ട്രിക് പ്ളാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ദീർഘമേറിയ പ്രവർത്തനക്ഷമതയും ദൗത്യത്തിലെ വഴക്കവും യമദൂതയ്ക്കുണ്ടാകും.
അതിർത്തികളിൽ സ്ഥിരസാന്നിദ്ധ്യമാകുന്ന യമദൂത-3ഡി നിരീക്ഷണം, ആക്രമണം എന്നിവയിൽ മികച്ച പങ്കാകും വഹിക്കുക. ശക്തമായ സായുധ ആക്രമണം മുതൽ കൃത്യമായ നിരീക്ഷണം വരെ യമദൂത വഴി സാദ്ധ്യമാകും. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന യുദ്ധരംഗത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും എഐ അധിഷ്‌ടിതമായതിനാൽ മനുഷ്യ ഇടപെടൽ ഏറെ കുറയ്‌ക്കാനും കഴിയുന്ന പ്രതിരോധ സംവിധാനമാണ് യമദൂത-3ഡി വഴി കമ്പനി ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |