
ഇസ്ലാമാബാദ്: പാകിസ്ഥാന് കടുത്ത വെല്ലുവിളി ഉയർത്തി ഭീകര സംഘടനയായ പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ (ടിടിപി). അടുത്തവർഷം സ്വന്തമായി വ്യോമസേന രൂപീകരിക്കുമെന്നാണ് ടിടിപിയുടെ പ്രഖ്യാപനം. പാകിസ്ഥാൻ സർക്കാരിനെതിരെ ആക്രമണങ്ങൾ ശക്തമാക്കുന്നതിനാണ് വ്യോമസേന രൂപീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇപ്പോൾത്തന്നെ ചാവേർ ആക്രമണങ്ങളിലൂടെയും മറ്റും ടിടിപി പാക് സർക്കാരിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവരെച്ചൊല്ലി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നിരവധിതവണ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. വ്യോമസേന രൂപീകരിക്കുന്നതോടെ പാക് സർക്കാരിന് കൂടുതൽ തലവേദനയാകും.
സലിം ഹഖാനിയെന്ന ടിടിപി നേതാവിനായിരിക്കും വ്യോമസേനയുടെ ചുമതല. സംഘടനയിലെ രണ്ടാമെന്നാണ് ഇയാൾ അറിയപ്പെടുന്നത്.സംഘടനയുടെ സ്വാധീനവും പ്രവർത്തനവും കൂടുതൽ വ്യാപിപ്പിക്കുന്നതിനും ഭരണപരമായ നിയന്ത്രണത്തിനുമായി പടിഞ്ഞാറൻ മേഖല, മദ്ധ്യമേഖല എന്നിങ്ങനെ രണ്ട് മേഖലകളും രൂപീകരിച്ചിട്ടുണ്ട്. സംഘടനയുടെ രാഷ്ട്രീയ കമ്മിഷന്റെ തലവനായി അസ്മത്തുള്ള മെഹ്‌സൂദിനെയും നിയമിച്ചു.
നേരത്തേ ഇത് മൗലവി ഫക്കീർ അലിയായിരുന്നു. ഇതിനൊപ്പം സതേൺ മിലിട്ടറി സോണിന്റെ തലവനായി ഇഹ്സാനുള്ള ഇപ്പിയെയും സെൻട്രൽ മിലിട്ടറി സോണിന്റെ ഡെപ്യൂട്ടി ഹെഡ് ആയി ഹിലാൽ ഖാസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.കൂടുതൽ മാറ്റങ്ങൾ ഉണ്ടോ എന്ന് വ്യക്തമല്ല.
അഫ്‌ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് ടിടിപിക്ക് ഏറെ സ്വാധീനമുള്ളത്. ഇവിടെ പാക് സർക്കാരിന് ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ലെന്നുതന്നെ പറയാം. സമാന്തര സർക്കാരിനെപ്പോലെ ഇവിടെ ഭരണനിർവഹണം നടത്തുന്നത് ടിടിപിയാണ്. ഇതിനെല്ലാമുള്ള അവസരം നൽകുന്നത് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ആണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. എന്നാൽ താലിബാൻ ഇത് നിഷേധിക്കുകയും ചെയ്യുന്നു. ഇതിന്റെ പേരിൽ ഇരുരാജ്യങ്ങളും കടുത്ത ശത്രുതയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |