
കാര്യവട്ടത്ത് മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് വിജയം
തുടർച്ചയായ രണ്ടാം അർദ്ധസെഞ്ച്വറിയുമായി ഷെഫാലി വെർമ്മ(79)
അഞ്ചുമത്സര പരമ്പരയിൽ ഇന്ത്യ 3-0ത്തിന് മുന്നിൽ
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിലും വിജയിച്ച് ഇന്ത്യൻ വനിതകൾ അഞ്ചുമത്സര പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്കയെ നിശ്ചിത 20 ഓവറിൽ 112/7ൽ ഒതുക്കിയ ശേഷം 13.2 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.
നാലുവിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും ബൗളിംഗിലും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ ഷെഫാലി വെർമ്മ ബാറ്റിംഗിലും തിളങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് പരമ്പരയിലെ മൂന്നാം മത്സരത്തിലും അനായാസവിജയം സ്വന്തമായത്. ഷെഫാലി 42 പന്തുകളിൽ 11 ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ പുറത്താകാതെ 79 റൺസ് നേടിയപ്പോൾ ക്യാപ്ടൻ ഹർമൻപ്രീത് കൗർ 21 റൺസുമായി ഒപ്പം നിന്നു.
രേണുകയും ദീപ്തിയും
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തിയ പേസർ രേണുക സിംഗും ഏകദിന ലോകകപ്പിലെ പ്ളേയർ ഒഫ് ദ സിരീസ് ദീപ്തി ശർമ്മയും ചേർന്നാണ് ഇന്നലെ കാര്യവട്ടത്ത് ഇന്ത്യയുടെ കരുത്തുകാട്ടലിന് തുടക്കമിട്ടത്. ഹാസിനി പെരേരയും (25), ക്യാപ്ടൻ ചമരി അട്ടപ്പട്ടുവും (3)ചേർന്നാണ് ലങ്കൻ ഇന്നിംഗ്സിന് തുടക്കമിടാനെത്തിയത്. ഹാസിനി തുടക്കം മുതലേ ഷോട്ടുകൾ ഉതിർത്തുതുടങ്ങിയെങ്കിലും ചമരിക്ക് ടച്ച് കിട്ടിയില്ല. അഞ്ചാം ഓവർ വരെ തട്ടിമുട്ടി പിടിച്ചുനിന്ന ചമരിയെ പുറത്താക്കിയാണ് ദീപ്തി ആരവമുയർത്തിയത്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും കടിയാതെ വട്ടംകറങ്ങിയ ചമരി ഒടുവിൽ ഹർമൻപ്രീത് കൗറിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
അടുത്ത ഓവറിൽ ഹാസിനിയെ ദീപ്തിയുടെ കയ്യിലെത്തിച്ച് രേണുക ആക്രമണം തുടങ്ങി. പകരമിറങ്ങിയ ഹർഷിത സമരവിക്രമ(2)യും ഇതേ ഓവറിൽ രേണുകയ്ക്ക് ഇരയായതോടെ ലങ്ക 32/3 എന്ന നിലയിലായി. പിന്നീട് കരകയറാൻ അവർക്ക് കഴിഞ്ഞുമില്ല. ഹർഷിത രേണുകയ്ക്ക് റിട്ടേൺ ക്യാച്ച് നൽകിയാണ് മടങ്ങിയത്. തുടർന്ന് ഇമേഷ ദുലാനി (27) ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 10-ാം ഓവറിൽ നിലാക്ഷിക സിൽവയെ എൽ.ബിയിൽ കുരുക്കി രേണുക ലങ്കയെ 45/4 എന്ന നിലയിലാക്കി.
ആറാം വിക്കറ്റിൽ ഇമേഷയും കവിഷയും (20) ചേർന്ന് കൂട്ടിച്ചേർത്ത 40 റൺസാണ് ലങ്കയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 14-ാം ഓവറിൽ കവിഷയെ അമൻജോതിന്റെ കയ്യിലെത്തിച്ച് ദീപ്തി ഈ സഖ്യവും പൊളിച്ചു.16-ാം ഓവറിൽ ഇമേഷയെ രേണുക ജമീമയുടെ കയ്യിലെത്തിച്ച് തന്റെ നാലാം വിക്കറ്റും തികച്ചു. 18-ാം ഓവറിൽ മൽഷ ഷെഹാനിയെ ദീപ്തി ക്ളീൻ ബൗൾഡാക്കി. പിന്നീട് 16 പന്തുകളിൽ 19 റൺസുമായി പുറത്താകാതെ നിന്ന കൗശിനി നുത്യംഗയാണ് ലങ്കയെ 112ലെത്തിച്ചത്.
നാലോവറിൽ ഒരു മെയ്ഡനടക്കം 21 റൺസ് മാത്രം വഴങ്ങിയാണ് രേണുക നാലുവിക്കറ്റ് വീഴ്ത്തിയത്. ദീപ്തി നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഷെഫാലി ഷോ
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഷെഫാലി വെർമ്മ കത്തിക്കയറുകയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തുതന്നെ ലോംഗ് ഓഫിന് മുകളിലൂടെ സിക്സ്. അടുത്ത രണ്ട് പന്തുകളും ബൗണ്ടറി.അഞ്ചാം ഓവറിൽ നിമിഷ മീപ്പേഗേയ്ക്ക് എതിരെ നേടിയത് മൂന്ന് ഫോറും ഒരു സിക്സും. ഇതിനിടയിൽ ദിൽഹരിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി സ്മൃതി (1) മടങ്ങിയതൊന്നും ഷെഫാലിയെ ബാധിച്ചില്ല. പകരമിറങ്ങിയ ജെമീമ റോഡ്രിഗസ് ഒരു എൽ.ബി റിവ്യൂവിനെ അതിജീവിച്ച് ഷെഫാലിക്ക് കൂട്ടുചേർന്നു.
നേരിട്ട 24-ാമത്തെ പന്തിലാണ് ഷെഫാലി അർദ്ധസെഞ്ച്വറിയിലെത്തിയത്.ട്വന്റി-20യിലെ ഷെഫാലിയുടെ 13-ാമത് അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മത്സരത്തിൽ 69 റൺസ് നേടി ഷെഫാലി പുറത്താകാതെ നിൽക്കുകയായിരുന്നു.15 പന്തുകളിൽ ഒൻപത് റൺസ് നേടിയ ജെമീമ എട്ടാം ഓവറിൽ ദിൽഹരിയുടെ പന്തിൽ ബൗൾഡായപ്പോൾ ഇന്ത്യ 67/2 എന്ന നിലയിലെത്തിയിരുന്നു.
150
ഏകദിനത്തിലും ട്വന്റി-20യിലും 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി ദീപ്തി ശർമ്മ റെക്കാഡിട്ടു. ഇന്നലെ കവിഷ ദിൽഹരിയെ അമൻജോതിന്റെ കയ്യിലെത്തിച്ചാണ് ദീപ്തി ട്വന്റി-20യിൽ 150 വിക്കറ്റുകൾ തികച്ചത്. ഏകദിനത്തിൽ 162 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരമായിരുന്നു ഇത്.
ഡിസംബർ 28, 30 തീതയികളിലായി അവസാന രണ്ട് ട്വന്റി-20 മത്സരങ്ങളും കാര്യവട്ടത്ത് നടക്കും.
ആവേശമുയർത്തി കാര്യവട്ടം
ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീമിനെ ആരവത്തോടെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികൾ വരവേറ്റത്. അഞ്ചരയോടെ ഇരുടീമുകളും സ്റ്റേഡിയത്തിലെത്തി. ക്യാപ്ടൻ ഹർമൻ പ്രീത് കൗർ, സ്മൃതി മാന്ഥന ജമീമ റോഡ്രിഗസ് എന്നിവെയാെക്കെ കയ്യടികളോടെ ഗാലറി വരവേറ്റു.
ലങ്ക ആദ്യ ബാറ്റിംഗിനിറങ്ങി വിക്കറ്റുകൾ നഷ്ടമായപ്പോൾ ഗാലറിയിൽ ആവേശമുയർന്നു. എന്നാൽ കാണികളെ ഏറെ സന്തോഷിപ്പിച്ചത് ഇന്ത്യയുടെ , പ്രത്യേകിച്ച് ഷെഫാലിയുടെ ബാറ്റിംഗാണ്. ആദ്യ ഓവറിൽതന്നെ ലോംഗ് ഓണിലേക്ക് ഷെഫാലിയുടെ ബാറ്റിൽ നിന്ന് സിക്സ് പറന്നിരുന്നു. മൂന്ന് സിക്സുകളും 11ബൗണ്ടറികളും ഷെഫാലി പായിച്ചു. ഷെഫാലിയുടെ ബൗണ്ടറിയിലൂടെയാണ് ഇന്ത്യയുടെ വിജയ റൺ പിറന്നതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |