തിരുവനന്തപുരം: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിനുമീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12.45ന് തമിഴ്നാട് ടൂറിസം ഗ്രൗണ്ടിലാണ് ചടങ്ങ്. തീർത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്ന പാമ്പൻപാലത്തെ പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് ലംബമായി ഉയർത്തി ഉദ്ഘാടനംചെയ്യും. രാമനവമി ദിവസമായ ഇന്ന് രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് മോദി ഉദ്ഘാടനം ചെയ്യുക. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിക്കും. എൻജിനിയറിംഗ് വിസ്മയങ്ങളിലൊന്നായാണ് പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുകൻ, തങ്കം തേനരസ്, ആർ.എസ്.രാജകണ്ണപ്പൻ, എം.പിമാരായ നവാസ് കനി, ആർ. ധർമ്മർ തുടങ്ങിയവർ പങ്കെടുക്കും. നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകൾ പലവട്ടം നടത്തേണ്ടി വന്നതിനാൽ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു.
വാലജബാദ്റാണിപ്പേട്ട് (എൻ.എച്ച്40) ദേശീയപാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നിർമ്മാണം പൂർത്തീകരിച്ച വിഴുപുരംപുതുച്ചേരി (എൻ.എച്ച്332) ദേശീയപാത, പൂണ്ടിയാൻകുപ്പംസത്തനാഥപുരം (എൻ.എച്ച്32) ദേശീയപാത, ചോളപുരംതഞ്ചാവൂർ (എൻ.എച്ച്36) ദേശീയപാത തുടങ്ങിയവയുടെ ഉദ്ഘാടനവും നിർവഹിക്കും.
രാമേശ്വരത്ത് ട്രെയിനിൽ പോകാം
പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ അമൃത എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ രാമേശ്വരം വരെ നീട്ടും. പുതിയ ട്രെയിൻ സർവീസുകളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും. രാമേശ്വരത്തേക്കും ധനുഷ്‌കോടിയിലേക്കുമുള്ള സഞ്ചാരികൾക്കും പാലം അനുഗ്രഹമാവും.
വന്ദേഭാരതിനും പാഞ്ഞെത്താം
പാലത്തിലൂടെ മണിക്കൂറിൽ 75 കി.മീറ്റർ വരെ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാം.
പഴയ പാലത്തിലൂടെ മണിക്കൂറിൽ 10 കിലോമീറ്റർ മാത്രം
ഇലക്ട്രോ മെക്കാനിക്കൽ വെർട്ടിക്കൽ ലിഫ്ട് ഉപയോഗിച്ച് പാലം കുത്തനെ ഉയർത്താനും താഴ്ത്താനുമാകും. ഉയർത്താൻ 3 മിനിറ്റും താഴ്ത്താൻ 2 മിനിറ്റും വേണം
ൊകൂടുതൽ വലിയ കപ്പലുകളെത്തിയാൽ പുതിയ പാമ്പൻ പാലം 22 മീറ്റർ വരെ സമുദ്ര നിരപ്പിൽ നിന്ന് ഉയർത്താനാവും. പഴയ പാലത്തിന് 1.5 മീറ്റർ മാത്രം
ദീർഘകാലം നിലനിൽക്കാൻ കഴിയുംവിധം നിർമ്മാണം
പഴയപാലം സ്മാരകമായി തുടരും
നീളം.... 2.8 കി.മീ
നിർമ്മാണ ചെലവ്.... 535 കോടി
തറക്കല്ലിട്ടത്..... 2019 നവംബർ
പഴയപാലം നിർമ്മിച്ചത്.... 1914
പഴയപാലത്തിലൂടെയുള്ള അവസാന ട്രെയിൻ സർവീസ്...... 2022 ഡിസംബർ 23
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |