ന്യൂഡൽഹി : രാമനവമി ദിനമായ ഇന്നലെ രാമേശ്വരത്തെ പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ കടൽപ്പാലമാണിത്. വലിയ കപ്പലുകൾക്ക് പാലത്തിനടിയിൽ കൂടി കടന്നുപോകാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം. 72.5 മീറ്റർ നാവിഗേഷൻ സ്‌പാൻ 17 മീറ്റർ വരെ ഉയർത്താനാകും. രാമേശ്വരം ദ്വീപിൽ നിന്ന് കരയിലെത്താൻ റെയിൽ ഗതാഗതത്തിനായി 1914ൽ പണിത പാമ്പൻ പാലത്തിന് പകരമാണ് എൻജിനിയറിംഗ് വിസ്‌മയമായ പുതിയ പാലം. 700 കോടിയാണ് നിർമ്മാണ ചെലവ്. സിംഗിൾ ലൈൻ മാറി രണ്ട് ട്രാക്കുകളിൽ ട്രെയിൻ ഗതാഗതം സാദ്ധ്യമാകും. നൂറുവർഷത്തെ ആയുസാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പ്രകടമാക്കിയ മികച്ച ദിവസമെന്ന് പാമ്പൻ പാലം ഉദ്ഘാടനം ചെയ്‌ത് മോദി പറഞ്ഞു. പാലത്തിനടിയിൽ കൂടി കടന്നുപോയ കോസ്റ്റ് ഗാർഡ് കപ്പലിനെ അഭിവാദ്യം ചെയ്‌തു. രാമേശ്വരം - താംബരം ട്രെയിൻ സർവീസ് ഫ്ളാഗ് ഓഫ് ചെയ്‌തു. തമിഴ്നാട്ടിലെ വിവിധ റെയിൽ-റോഡ് വികസനത്തിന് അടക്കം 8300 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രവും സന്ദർശിച്ചു.
കാരണമില്ലാതെ ചിലർ
കരയുന്നു
ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെത്തിയില്ല. ഔദ്യോഗിക തിരക്കുകളാണെന്നാണ് വിശദീകരണം. മണ്ഡല പുനർനിർണയം, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രവുമായി ഏറ്റുമുട്ടലിലാണ് തമിഴ്നാട് സർക്കാർ. ഒരു കാരണവുമില്ലാതെ ചിലർ കരയുകയാണെന്ന്, സ്റ്റാലിനെ പരോക്ഷമായി സൂചിപ്പിച്ച് രാമേശ്വരത്തെ പൊതുറാലിയിൽ മോദി പറഞ്ഞു. യു.പി.എ കാലത്തേക്കാൾ ഫണ്ട് ബി.ജെ.പി സർക്കാർ തമിഴ്നാടിന് നൽകുന്നു. ഭാഷയിൽ അഭിമാനിക്കുന്ന സംസ്ഥാനത്തെ മന്ത്രിമാർ തനിക്ക് കത്തയക്കുന്നതും അവയിൽ ഒപ്പിടുന്നതും ഇംഗ്ലീഷിലാണ്. ഒപ്പെങ്കിലും തമിഴിൽ ഇടാത്തതെന്താണ്? തമിഴ് ഭാഷയും പൈതൃകവും ലോകത്തിന്റെ ഓരോ കോണിലുമെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും മോദി വ്യക്തമാക്കി.
രാമസേതു ദൃശ്യങ്ങൾ പങ്കുവച്ചു
മൂന്നുദിവസത്തെ ശ്രീലങ്ക സന്ദർശനത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങവെ, രാമസേതുവിന്റെ ആകാശദൃശ്യങ്ങൾ കണ്ട് മോദി. അയോദ്ധ്യയിൽ രാംലല്ല വിഗ്രഹത്തിന്റെ നെറ്റിയിൽ സൂര്യതിലകം പതിക്കുന്ന അതേസമയത്ത് രാമസേതുവിന്റെ ദർശനം ലഭിച്ചത് ദൈവീകമായ യാദൃശ്ചികതയാണെന്ന് വിമാനയാത്രാ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച് മോദി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |