ന്യൂഡൽഹി: പഹൽഗാമിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഭീകരരെ ജീവനോടെ പിടിക്കാൻ സുരക്ഷാസേനകൾക്ക് കേന്ദ്ര നിർദ്ദേശം. പാകിസ്ഥാന്റെ പങ്ക് ലോകത്തിനു മുന്നിൽ തുറന്നുകാട്ടാനാണിത്. ഭീകരർ ഒളിച്ചിരിക്കുന്ന കാടിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ സേന എത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സുരക്ഷയ്ക്കായുള്ള മന്ത്രിതല സമിതി യോഗശേഷമാണ് സേനയ്ക്ക് നിർദ്ദേശം ലഭിച്ചത്. പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം നടപടികളെടുത്തേക്കും. വാണിജ്യ ബന്ധം വിച്ഛേദിക്കും. പാക് വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ല. കപ്പൽ ഗതാഗതവും വിലക്കും. എം.പിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച് സാഹചര്യം വിശദീകരിക്കും. പ്രത്യേക പാർലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ പരിഗണിച്ചേക്കും.
പാകിസ്ഥാനെ ആക്രമിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നലെയാണ് ഇന്നലെ സുരക്ഷാ സമിതി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ.പി. നദ്ദ എന്നിവർ മോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
ഇന്നലെ രാത്രിയിലും വിദേശകാര്യമന്ത്രിയും കരസേനമേധാവിയും പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്കയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. അതിനിടെ, നിയന്ത്രണരേഖയിൽ പല ഭാഗത്തും പാക് പ്രകോപനം ഇന്നലെയും തുടർന്നു. ബാരാമുള്ള, കുപ്വാര ജില്ലകളിൽ നിയന്ത്രണരേഖയിൽ പാക് പട്ടാളം വെടിയുതിർത്തു. ഇന്ത്യയുടെ തിരിച്ചടിയിൽ പാക് ബങ്കറുകൾ തകർന്നതായാണ് റിപ്പോർട്ട്.
മോദി റഷ്യയിലേക്കില്ല
നിർണായക സാഹചര്യം കണക്കിലെടുത്ത് മേയ് 9നുള്ള റഷ്യൻ സന്ദർശനം പ്രധാനമന്ത്രി റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 80-ാം വാർഷിക പരിപാടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |