ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സേന നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്:
ബ്രഹ്‌മോസ്, എസ്-400 വ്യോമപ്രതിരോധ സംവിധാനം, സ്‌കാൽപ് മിസൈൽ എന്നിവയുടെ പ്രകടനം എങ്ങനെ ആയിരുന്നു?
സൈനിക നടപടികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ല. നമ്മൾ ഉപയോഗിച്ച ആയുധങ്ങൾ പ്രതീക്ഷിച്ച ഫലമുണ്ടാക്കി. നീതി നടപ്പാക്കിയെന്ന് കരസേന വ്യക്തമാക്കിയിട്ടുണ്ട്.
തകർക്കാനുള്ള ഭീകര കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത് എങ്ങനെ?
ആ കേന്ദ്രങ്ങളിൽ നമ്മൾ വരുത്തിയ നാശനഷ്‌ടമാണ് നോക്കേണ്ടത്
എത്ര പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു?
പാക് വിമാനങ്ങളെ അതിർത്തി കടക്കാൻ അനുവദിച്ചിട്ടില്ല. ചില വിമാനങ്ങൾ വെടിവച്ചിട്ടു. എത്രയെന്ന് കൃത്യം അറിയാം. ഇപ്പോൾ പറയാൻ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.
കൊല്ലപ്പെട്ട ഭീകരർ?
സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പ്രമുഖരുടെ നിര നോക്കിയാൽ തന്നെ മരിച്ചവരുടെ പ്രാധാന്യം മനസിലാകും.
കൊല്ലപ്പെട്ട പാക് സൈനികർ?
നമ്മൾ ഒരിക്കലും പാക് സൈനികരെ ലക്ഷ്യമിട്ടില്ല. ലക്ഷ്യം ഭീകരരായിരുന്നു. അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കേണ്ടി വന്നു. നിയന്ത്രണ രേഖയിൽ നിന്നുള്ള പ്രകോപനങ്ങൾക്ക് ശേഷം 35 ഓളം പാക് സൈനികർ കൊല്ലപ്പെട്ടതായി മനസിലാക്കുന്നു.
നാവികസേനാ മിസൈൽ ലാഹോറിനെ ആക്രമിച്ചിരുന്നോ
ഓപ്പറേഷന്റെ ഭാഗമായിരുന്നു നാവികസേനയും. വരും ദിവസങ്ങളിൽ പലതും പുറത്തുവരും.
ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് അഭ്യൂഹമുണ്ടല്ലോ?
യുദ്ധത്തിൽ നാശനഷ്‌ടങ്ങൾ പതിവാണ്. നമുക്ക് ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞു.ഓപ്പറേഷന്റെ ഫലങ്ങൾ ലോകം കാണുന്നുണ്ട്. എവിടെ, എന്തൊക്കെ സംഭവിച്ചു എന്ന് ഈ അവസരത്തിൽ പറയില്ല. അത് എതിരാളികൾക്ക് അനുകൂല സാഹചര്യമൊരുക്കും. എല്ലാ പൈലറ്റുമാരും സുരക്ഷിതരായി മടങ്ങിയെത്തി.
വെടിനിർത്തൽ ലംഘനം നടത്തിയത് ഭീകരരാണോ?
അതിർത്തിക്കപ്പുറത്ത് അതു ചെയ്‌തത് പാക് സൈന്യമാണോ, ഭീകരരാണോ എന്നുറപ്പിക്കാനാകില്ല. പക്ഷേ, അതു തുടർന്നാൽ കൃത്യമായ പ്രതികരണമുണ്ടാകും.
പ്രകോപനം തുടർന്നാൽ?
അത് ചിന്തിക്കാവുന്നതേയുള്ളൂ. പ്രതികരണം കടുത്തതായിരിക്കും.
വെടിനിർത്തൽ കാരണം പെട്ടെന്ന് പിൻവാങ്ങേണ്ടി വന്നുവെന്ന് തോന്നുന്നോ
ലക്ഷ്യമിട്ടതെന്താണോ അതു നേടി. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുകയാണ് ഞങ്ങളുടെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |