ന്യൂഡൽഹി: ബീഹാറിൽ നിന്നുള്ള ഭൂമി തർക്ക കേസിൽ, സുപ്രീംകോടതിയെ തട്ടിപ്പിനിരയാക്കി അനുകൂല വിധി നേടിയെടുത്തെന്ന സംശയത്തിൽ അന്വേഷണത്തിന് ഉത്തരവ്. മുസാഫർപൂരിലെ കേസിലാണ് വ്യാജ കക്ഷിയും ഒത്തുതീർപ്പ് കരാറും കോടതിയിലെത്തിയത്. കരാറിന്റെ അടിസ്ഥാനത്തിൽ കോടതി കേസ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു നടപടി. അഞ്ചു മാസത്തിനു ശേഷമാണ് യഥാർത്ഥ കക്ഷി വിവരമറിയുന്നത്. ഇതോടെ 13ന് സുപ്രീംകോടതിയെ സത്യാവസ്ഥ അറിയിച്ചു. ഭൂമി തർക്കത്തിൽ ഒത്തുതീർപ്പായിട്ടില്ലെന്നും താൻ അഭിഭാഷകനെയും നിയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇതോടെ യാഥാർത്ഥ്യം മനസിലാക്കിയ ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമർശനമുന്നയിച്ചു. ഉത്തരവ് പിൻവലിച്ചു. കോടതിയെ കബളിപ്പിക്കാനാകില്ലെന്ന് നിലപാടെടുത്തു. മൂന്നാഴ്ചയ്‌ക്കകം ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുമെന്നും വ്യക്തമാക്കി.
വ്യാജ കക്ഷിക്കായി അഭിഭാഷകരുമെത്തി
വ്യാജ കക്ഷിക്കായി നാലു അഭിഭാഷകർ സുപ്രീംകോടതിയിൽ ഹാജരായി. അഡ്വക്കേറ്റ് ഒൺ റെക്കോർഡ് ജെ.എം.ഖന്ന, മകൾ ഷെഫാലി ഖന്ന തുടങ്ങിയവരാണ് വാദം പറഞ്ഞത്. എതിർകക്ഷിക്ക് നോട്ടീസ് അയക്കാതിരിക്കാനും നീക്കമുണ്ടായി. വ്യാജ അഭിഭാഷകരുടെ കാര്യത്തിൽ കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി ആശങ്ക ഉന്നയിച്ചിരുന്നു. രാജ്യത്തെ ഒന്നര ദശലക്ഷം അഭിഭാഷകരിൽ 20 ശതമാനത്തോളം കൃത്യമായ യോഗ്യതകൾ ഇല്ലാതെയാണ് പ്രാക്‌ടീസ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |