ബംഗളൂരു: കർണാടകയെ ഞെട്ടിച്ച് വൻ ബാങ്ക് കവർച്ച. കാനറ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കവർച്ച നടന്നത്. സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണവും 5.2 ലക്ഷം രൂപയും കവർന്നു. 53 കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. മേയ് 23ന് വൈകിട്ട് ഏഴിനും മേയ് 25ന് രാവിലെ 11.30നും ഇടയിലാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. മേയ് 23നായിരുന്നു ബാങ്കിലെ അവസാന പ്രവൃത്തിദിനം. 24, 25 തീയതികളിൽ ബാങ്ക് അവധിയായിരുന്നു. 25ന് രാവിലെ പതിനൊന്നരയോടെ ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകർന്ന നിലയിൽ കണ്ടത്. ഉച്ചയോടെ റീജിണൽ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം നടത്തിയ പരിശോധനയിൽ കവർച്ച സ്ഥിരീകരിച്ചു. വിലപിടിപ്പുള്ള വസ്തുക്കളുള്ള ഒരു ലോക്കർ തൊട്ടിട്ടില്ല.
ബാങ്കിനെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആറോ എട്ടോ പേരുൾപ്പെടുന്ന സംഘമാണെന്ന് കരുതുന്നതായി വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്‌മൺ നിംബാർഗി പറഞ്ഞു. എട്ട് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് പിന്നിലെന്ന് സൂചനയുണ്ട്.
ദുർമന്ത്രവാദമെന്നും
ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്ര വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ചരട് കെട്ടിയ കറുത്ത പാവകൾ ലോക്കറുകൾക്ക് കീഴെ ഉപേക്ഷിച്ചിട്ടുണ്ട്. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം.
അലാറം സംവിധാനം
പ്രവർത്തിച്ചില്ല, ദുരൂഹം
ഇത്രയും വലിയ കൊള്ള നടന്നിട്ടും വൈകി അറിഞ്ഞതിൽ ദുരൂഹതയേറുന്നു. ഈ ദിവസങ്ങളിൽ സി.സി ടിവി പ്രവർത്തനരഹിതമായിരുന്നു. സെക്യൂരിറ്റി അറിയാതിരുന്നതെന്താണെന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിന്റെ ഏറ്റവും പിന്നിലെ മുറിയിലുള്ള ലോക്കറുകളിൽ നിന്നാണ് മോഷണം പോയത്. സംഘത്തിന് ബാങ്കിനകത്തുനിന്ന് സഹായം ലഭിച്ചെന്നാണ് സംശയം. കൊള്ള സംഘം ലോക്കറിന്റെ ഒറിജിനൽ താക്കോലുകളാണ് ഉപയോഗിച്ചത്. വ്യാജ താക്കോൽ ഉപയോഗിച്ചാണ് ബാങ്കിൽ കയറിയത്. അലാറം സംവിധാനം പ്രവർത്തനരഹിതമാക്കി. ലോക്കറിന് കേടുപാടുകളില്ല, തകർക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |