
ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികളുടെ (എസ്.ഐ.ആർ) രണ്ടാംഘട്ടം പ്രഖ്യാപിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസാമിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതിയുടെ മുന്നിലിരിക്കുന്ന വിഷയമായതിനാലാണ് അസാമിനെ ഒഴിവാക്കിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. പൗരത്വ നിയമപ്രകാരം അസാമിന്റെ കാര്യത്തിൽ പ്രത്യേകം വ്യവസ്ഥകളുണ്ട്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പൗരത്വ പരിശോധനാ നടപടികൾ സംസ്ഥാനത്ത് പൂർത്തിയാകേണ്ടതുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ അന്തിമമായിട്ടില്ല. ഈ സാഹചര്യത്തിൽ അസാമിൽ ഇപ്പോൾ എസ്.ഐ.ആർ നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി. തീരുമാനത്തിൽ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് ആശ്ചചര്യം പ്രകടിപ്പിച്ചു. ആൻഡമാൻ ആൻഡ് നിക്കോബാർ,ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്,ലക്ഷദ്വീപ്,മദ്ധ്യപ്രദേശ്,രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ എസ്.ഐ.ആർ നടത്തും. 12 ഇടങ്ങളിലായി ആകെ 51 കോടി വോട്ടർമാരാണ് നിലവിലെ പട്ടികയിലുള്ളത്.
പശ്ചിമ ബംഗാളിൽ പ്രതിഷേധമുണ്ടാകില്ലേയെന്ന ചോദ്യത്തിന് ഒരു തടസവുമില്ലെന്നും കമ്മിഷൻ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ സംസ്ഥാനങ്ങൾ ബാദ്ധ്യസ്ഥമാണെന്നും ഗ്യാനേഷ് പ്രതികരിച്ചു. അസാമിനെ കൂടാതെ കേരളം,തമിഴ്നാട്,പശ്ചിമബംഗാൾ,പുതുച്ചേരി എന്നിവിടങ്ങളിലാണ് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ആകെ നടന്നത്
8 എസ്.ഐ.ആർ
രാജ്യത്ത് 1951 മുതൽ 2004 വരെ ആകെ 8 തവണയാണ് എസ്.ഐ.ആർ പ്രക്രിയ നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. ഒടുവിലായി 21 വർഷം മുൻപ് 2002-04 കാലഘട്ടത്തിലും. ഇത്തവണ ആദ്യഘട്ട എസ്.ഐ.ആർ പ്രക്രിയ ബീഹാറിൽ വിജയകരമായി പൂർത്തിയാക്കി. ഒരു അപ്പീൽ പോലും വന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അവകാശപ്പെട്ടു. ഒരു പോളിംഗ് സ്റ്റേഷനിൽ 1200 വോട്ടർമാരെന്ന നിലയിൽ നിജപ്പെടുത്തും.
12 രേഖകൾ
സ്വീകരിക്കും
1.ആധാർ കാർഡ്
2.പാസ്‌പോർട്ട്
3.ജനന സർട്ടിഫിക്കറ്റ്
4.മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്
5.പെർമനന്റ് റസിഡൻസ് സർട്ടിഫിക്കറ്റ്
6.കേന്ദ്ര,സംസ്ഥാന സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡും, പെൻഷനേഴ്സിന്റെ പെൻഷൻ പെയ്‌മെന്റ് ഓർഡറും
7.സർക്കാർ തിരിച്ചറിയൽ കാർഡുകൾ
8.ഒ.ബി.സി, എസ്.സി/എസ്.ടി സർട്ടിഫിക്കറ്റ്
9.വനാവകാശ സർട്ടിഫിക്കറ്റ്
10.ദേശീയ പൗരത്വ രജിസ്റ്റർ
11.ഭൂമി/വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്
12.സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ഫാമിലി രജിസ്റ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |