
ലക്ഷ്യമിട്ടത്
ജൂതരെ
29 പേർക്ക് പരിക്ക്
അക്രമികളിലൊരാളെ
പൊലീസ് വെടിവച്ചുകൊന്നു
സ്‌ഫോടനത്തിനും പദ്ധതിയിട്ടു
കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിൽ ജൂത വംശജരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിൽ
11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. നവീദ് അക്രം (24) എന്ന പാകിസ്ഥാൻ സ്വദേശിയും ഓസ്ട്രേലിയൻ പൗരത്വമുള്ള അൽജീരിയൻ വംശജനും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. അക്രമികളിലൊരാളെ പൊലീസ് വെടിവച്ചു കൊന്നു. മറ്റേയാൾ ചികിത്സയിലാണ്. ഇവരിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് റിപ്പോർട്ട്.
ജൂത ആഘോഷമായ ഹാനക്കയുടെ ഭാഗമായി ഒത്തുകൂടിയവർക്ക് നേരെയായിരുന്നു വെടിവയ്പ്. മേഖലയിൽ സ്ഫോടനം നടത്താനും അക്രമികൾ പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഇവരുടെ കാറിൽ കണ്ടെത്തിയ സ്ഫോടക വസ്തു പൊലീസ് നിർവീര്യമാക്കി. ആക്രമണത്തിൽ മറ്റൊരെങ്കിലും പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. 22 വരെ നീളുന്ന ഹാനക്കയുടെ ആദ്യ ദിനമായിരുന്നു ഇന്നലെ. ആക്രമണത്തെ ശക്തമായി അപലപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചുചേർത്തു.
# ജനം ചിതറിയോടി
ആക്രമണമുണ്ടായത് പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.47ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.17 )
പത്ത് മിനിട്ടോളം വെടിവയ്പ്
ബീച്ചിൽ തിരക്കേറിയ സമയം. ഹാനക്കയിൽ പങ്കെടുക്കാൻ മാത്രമെത്തിയത് ആയിരത്തിലേറെ പേർ
പ്രധാന ബീച്ച് ഏരിയയോട് ചേർന്ന ആർക്കർ പാർക്കിൽ വെടിയുതിർത്തതോടെ ജനം ചിതറിയോടി
# ആക്രമണം പെരുകുന്നു
കൂട്ടവെടിവയ്പുകൾ ഓസ്ട്രേലിയയിൽ അപൂർവ്വമാണ്. 1996ൽ ടാസ്‌മാനിയയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ 35 പേരെ അക്രമി വെടിവച്ചുകൊന്ന സംഭവത്തിന് ശേഷമുള്ള വലിയ വെടിവയ്പാണിത്. ഗാസ യുദ്ധം ആരംഭിച്ചശേഷം ഓസ്ട്രേലിയയിൽ ജൂത വംശജരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണുണ്ടായത്. നിരവധി സിനഗോഗുകളും കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു.
# അപലപിച്ച് ഇസ്രയേൽ
ആക്രമണത്തെ അപലപിച്ച ഇസ്രയേൽ ഓസ്ട്രേലിയൻ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജൂതവിരുദ്ധ തീയിലേക്ക് ആൽബനീസ് സർക്കാർ എണ്ണ ഒഴിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തി. എണ്ണമറ്റ മുന്നറിയിപ്പുകളാണ് ഓസ്ട്രേലിയൻ സർക്കാരിന് ലഭിച്ചതെന്നും ഇനിയെങ്കിലും വിവേകത്തോടെ പെരുമാറണമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പ്രതികരിച്ചു.
# അക്രമിയെ കീഴ്പ്പെടുത്തിയ ഹീറോ !
കാൻബെറ: സിഡ്നിയിലെ ഭീകരാക്രമണത്തിനിടെ പ്രദേശവാസിയായ അഹ്മ്മദ്-അൽ അഹ്മ്മദ് (43) അക്രമികളിൽ ഒരാളെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അഹ്മ്മദ് അക്രമിയുടെ കൈയിലെ റൈഫിൾ തട്ടിയെടുക്കുന്നതും, റൈഫിൾ അക്രമിയുടെ നേർക്ക് ലക്ഷ്യംവയ്ക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ അക്രമി ദൂരേക്ക് മാറി. ഇതിനിടെ സമീപത്തെ പാലത്തിൽ നിന്ന് മറ്റൊരു അക്രമി വെടിവച്ചതോടെ അഹ്മ്മദ് മരത്തിനുപിന്നിലേക്ക് പോയി. രണ്ടുതവണ വെടിയേറ്റ അഹ്മ്മദ് ചികിത്സയിലാണ്. അഹ്മ്മദ് നിരവധി ജീവനുകൾ രക്ഷിച്ചെന്ന് പൊലീസ് പറഞ്ഞു. സതർലൻഡിൽ പഴക്കട നടത്തുകയാണ് അഹ്മ്മദ്.
# ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ ഓസ്‌ട്രേലിയൻ ജനതയ്ക്കൊപ്പമാണ്. ഭീകരതയോട് വിട്ടുവീഴ്ചയില്ല.
- നരേന്ദ്ര മോദി, പ്രധാനമന്ത്രി
# ആക്രമണം രാജ്യത്തിന്റെ ഹൃദയത്തിലാണ് തറച്ചത്. ജൂത വംശജർക്കെതിരായ ആക്രമണം മുഴുവൻ ഓസ്ട്രേലിയക്കാർക്കും നേരെയുള്ള ആക്രമണമാണ്.
- ആന്റണി ആൽബനീസ്,
പ്രധാനമന്ത്രി, ഓസ്ട്രേലിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |