
ന്യൂഡൽഹി: ഭൂമി കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. ലാലു, ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസാ ഭാരതി, ഹേമ യാദവ് എന്നിവർ കുറ്റക്കാരാണെന്ന്
ഡൽഹി റോസ് അവന്യു കോടതി കണ്ടെത്തി. സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ ഇവർ വിചാരണ നേരിടണം.
അഴിമതി, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയ പ്രത്യേക ജഡ്‌ജി വിശാൽ ഗോഗ്നെയുടെ ഉത്തരവിൽ ലാലുവും കുടുംബാംഗങ്ങളും ക്രിമിനൽ സംഘമായി പ്രവർത്തിച്ചെന്ന് പറയുന്നു. റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌തത് സ്വത്ത് നേടുന്നതിനുള്ള വിലപേശൽ തന്ത്രമാണ്. റെയിൽവേയിലെ ജോലികൾക്ക് പകരമായി ഭൂമി ഏറ്റെടുക്കുന്നതിന് ലാലുവിന്റെ അടുത്ത അനുയായികൾ സൗകര്യമൊരുക്കി. വിപണി മൂല്യത്തേക്കാൾ കുറഞ്ഞ നിരക്കിലാണിത്.
കുറ്റപത്രത്തിൽ പേരുള്ള 103 പേരിൽ അഞ്ചുപേർ മരിച്ചു. തെളിവുകളുകളുടെ അഭാവത്തിൽ 52 പേരെ കോടതി കുറ്റവിമുക്തരാക്കി.
ചെറിയ വിലയ്ക്ക്
ഭൂമി കൈവശപ്പെടുത്തി
2004-2009 കാലത്ത് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ലാലു റെയിൽവേയിലെ ഗ്രൂപ്പ് ഡി ജോലി വാഗ‌്ദാനം ചെയ്‌ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പാട്നയിലെ ഭൂമി ചെറിയ വിലയ്‌ക്ക് കൈവശപ്പെടുത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡിയും അന്വേഷിക്കുന്നു. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും ഭൂമി ഇടപാടുകളിൽ ബിനാമി സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സി.ബി.ഐ പറയുന്നു. കേസ് രാഷ്‌ട്രീയ പ്രേരിതമെന്നാണ് ലാലുവിന്റെയും കൂട്ടരുടെയും വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |