
മാർക്ക് കാർണി നാളെ ഇന്ത്യയിൽ
ടൊറന്റോ: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ കനേഡിയൻ സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. നാളെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെയാണിത്. ഭീകരപ്രവർത്തനങ്ങളുടെ പേരിലല്ല, പൗരത്വ അപേക്ഷയിൽ നുണ പറഞ്ഞു എന്ന സാങ്കേതിക കാരണത്താലാണ് ഇമിഗ്രേഷൻ വിഭാഗം റാണയുടെ പൗരത്വം റദ്ദാക്കുന്നത്. നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൗരത്വ നിയമങ്ങളുടെ അന്തസ് നിലനിറുത്താൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് വക്താവ് അറിയിച്ചു. 2000ൽ പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ നാല് വർഷമായി ഒട്ടാവയിലും ടൊറന്റോയിലുമാണ് താമസമെന്നും ആറ് ദിവസം മാത്രമേ കാനഡക്ക് പുറത്തുപോയിട്ടുള്ളൂയെന്നുമാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർ.സി.എം.പി)നടത്തിയ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തി.
കാനഡയിലെ താമസ പരിധി പൂർത്തിയാക്കാതെ തന്നെ തെറ്റായ രേഖകൾ നൽകി പൗരത്വം നേടിയത് ഗുരുതരമായ നിയമലംഘനമാണെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. കേസ് നിലവിൽ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്. പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച് കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില വിവരങ്ങൾ കേസുമായി ബന്ധപ്പെട്ട് രഹസ്യമായി വെക്കാൻ സർക്കാർ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.2025 ഏപ്രിൽ 10 ന്, യു.എസിൽ നിന്ന് നാടുകടത്തപ്പെട്ട റാണ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |