
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിനായി ഇന്ന് പുറപ്പെടും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരമുള്ള യാത്രയിൽ പ്രതിരോധ മേഖലകളിലടക്കം സഹകരണം ചർച്ചയാകും. ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്യും. ശാസ്ത്ര-സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്‌മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതും ചർച്ചയാകും. ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിനെ മോദി അഭിസംബോധന ചെയ്യും. പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.
അയേൺ ഡോം മാതൃകയിൽ സുദർശന ചക്രം
ഓപ്പറേഷൻ സിന്ദൂറിന് ശേഷം നരേന്ദ്രമോദി പ്രഖ്യാപിച്ച ആഭ്യന്തര സുരക്ഷാ കവചം: സുദർശന ചക്രം, സജ്ജമാക്കുന്നതിൽ ഇസ്രയേലിന്റെ സഹകരണം തേടുമെന്നാണ് സൂചന. ഇസ്രയേൽ ആവിഷ‌്‌കരിച്ച 'അയേൺ ഡോം" ന്റെ മാതൃകയിലാണ് സുദർശന ചക്രം ആസൂത്രണം ചെയ്യുന്നത്. അതിർത്തിയിലെയും രാജ്യത്തിനുള്ളിലെയും തന്ത്രപ്രധാന കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് സുരക്ഷയൊരുക്കാനാണിത്. പുറത്തു നിന്നുള്ള ഡ്രോൺ, ദീർഘദൂര മിസൈലുകൾ എന്നിവയിൽ നിന്നുള്ള ആക്രമണം സുദർശന ചക്ര സംവിധാനത്തിലൂടെ പ്രതിരോധിക്കാൻ ലക്ഷ്യമിടുന്നു. ഇസ്രായേലിന്റെ 'അയൺ ബീം" സംവിധാനത്തിന് ഡ്രോണുകൾ, റോക്കറ്റുകൾ, മോർട്ടാറുകൾ എന്നിവ തടയാൻ കഴിയും. ഓപ്പറേഷൻ സിന്ദൂറിൽ കരുത്ത് തെളിയിച്ച റാംപേജ്, ഹാർപ്പി ഹരോപ് കാമികാസെ തുടങ്ങിയവ മിസൈലുകളും ഡ്രോണുകളും അടക്കം നിരവധി ഇസ്രയേൽ ആയുധങ്ങൾ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നുണ്ട്. ഫ്രാൻസ് കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ പങ്കാളിയാണ് ഇസ്രയേൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |