
മെക്സികോ സിറ്റി: ലഹരി മാഫിയാ തലവൻ എൽ മെഞ്ചോ (59) കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വിന്യസിച്ച് സർക്കാർ. ഈ വർഷത്തെ ഫിഫാ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിലൊന്നായ ജാലിസ്കോയിലേക്ക് 2,500 സൈനികരെ കൂടി അയച്ചു. 10,000 ലധികം സൈനികരെയാണ് അധികം വിന്യസിച്ചിട്ടുള്ളത്.
ഞായറാഴ്ചയാണ് 'ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ" എന്ന മാഫിയ സംഘത്തിന്റെ തലവൻ എൽ മെഞ്ചോ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്.ആറ് മയക്കുമരുന്ന് കാർട്ടൽ അംഗങ്ങളും കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ പിടിവിട്ടു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സ്ഥിതിഗതികൾ ശാന്തമാണെന്നും അറിയിച്ചു.
ലോകകപ്പും കലാപഭീതിയിൽ
കലാപം ഫിഫാ ലോകകപ്പ് സംഘാടനത്തിനും ഭീഷണിയാവുന്നതായാണ് റിപ്പോർട്ട്. സംഘർഷ പശ്ചാത്തലത്തിൽ ഞായറാഴ്ച രാജ്യത്തെ പ്രധാനപ്പെട്ട നാല് മത്സരങ്ങൾ മാറ്റിവച്ചിരുന്നു. വിവിധ ഡിവിഷൻ ഫുട്ബാൾ മത്സരങ്ങളും റദ്ദാക്കി. ബുധനാഴ്ച നടക്കാനിരിക്കുന്ന മെക്സിക്കോ ദേശീയ ഫുട്ബാൾ ടീമിന്റെ സൗഹൃദ മത്സരവും അനിശ്ചിതത്വത്തിലാണ്. ഇതോടെയാണ് ജൂൺ-ജൂലായ് മാസങ്ങളിൽ നടക്കുന്ന ലോകകപ്പും സുരക്ഷാ ഭീഷണിയിലാവുന്നത്. ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരും ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |