
ഹൈദരാബാദ്: ഹൈദരാബാദിൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. 27കാരി സുഷമയും മകൻ യശവർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണിത്. അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശിയും ജീവനൊടുക്കാൻ ശ്രമിച്ചു.
സുഷമയും ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയും നാല് വർഷം മുൻപാണ് വിവാഹിതരായത്. അടുത്ത കാലത്തായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. കുടുംബത്തിലെ പരിപാടിക്ക് സാധനങ്ങൾ വാങ്ങുന്നതിനായി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു സുഷമ. അവിടുന്ന് കുഞ്ഞിനെയും കൊണ്ട് മുറിയിൽ പോയ സുഷ്മ കുട്ടിക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കതക് തട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സുഷ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെയും പേരക്കുട്ടിയെയും അബോധാവസ്ഥയിൽ കണ്ട് തകർന്ന സുഷ്മയുടെ അമ്മ ലളിതയും ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമികാന്വേഷണത്തിൽ ഭർത്താവുമായുള്ള വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം കുടുംബത്തിന് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |