SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി, വിങ്ങുംമനസോടെ പ്രിയതമന്റെ കസേരയിൽ സുനേത്ര

Increase Font Size Decrease Font Size Print Page
sunetra-pawar

ന്യൂഡൽഹി: പ്രിയതമൻ മരിച്ച് മൂന്നാം നാൾ അദ്ദേഹത്തിന്റെ കസേരയിലിരുന്നപ്പോൾ സുനേത്ര പവാ‌ർ വിങ്ങിപ്പൊട്ടി. ദുരന്തത്തിന്റെ ആഘാതത്തിലും അജിത് പവാറിന്റെ സ്വപ്നങ്ങൾ നടപ്പാക്കാൻ അക്ഷീണം പ്രയത്നിക്കുമെന്ന് പറയുന്നു സുനേത്ര. മഹാരാഷ്ട്രയിലെ കരുത്തുറ്റ എൻ.സി.പി നേതാവ് അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ ഇന്നലെ വൈകിട്ടാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ വനിത. മഹാരാഷ്ട്ര ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ 'അജിത് ദാദാ അമർ രഹെ' എന്ന് മുദ്രാവാക്യം മുഴക്കുന്നതിനിടെ ഗവർണർ ആചാര്യ ദേവ്‌വ്രവത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്,​ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ,​ മന്ത്രിമാർ,​ മഹായുതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

എൻ.സി.പി നേതാവ് കൂടിയായ സുനേത്രയെ പാർട്ടി നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തത്. രാജ്യസഭാംഗത്വം അവർ രാജിവച്ചു. അജിത് പവാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന ബാരാമതി സീറ്റിൽ മത്സരിച്ചേക്കും. മകൻ പാർത്ഥ് രാജ്യസഭാ എം.പിയായേക്കും. എക്സൈസ്, കായികം, യുവജനക്ഷേമം, ന്യൂനപക്ഷ വികസനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ സുനേത്ര കൈകാര്യം ചെയ്യും. അതേസമയം, അജിത് പവാർ കൈകാര്യം ചെയ്‌തിരുന്ന പ്ലാനിംഗ് - ധനകാര്യ വകുപ്പുകൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഏറ്റെടുത്തു.

അതേസമയം, സത്യപ്രതിജ്ഞ സംബന്ധിച്ച് ആരും താനുമായി ആശയവിനിമയം നടത്തിയില്ലെന്ന് എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാർ പറഞ്ഞത് ശ്രദ്ധേയമാണ്. ശരദ് - അജിത് വിഭാഗങ്ങൾ സഖ്യത്തിലാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അക്ഷീണം പ്രവർത്തിക്കും


മഹാരാഷ്ട്രയ്‌ക്കായി ആത്മാർത്ഥതയോടെ,​ അക്ഷീണം പ്രവർത്തിക്കുമെന്ന് സുനേത്ര പവാർ പ്രതികരിച്ചു. ദാദയുടെ അകാലവിയോഗം അതീവദുഃഖമാണെങ്കിലും, അദ്ദേഹം പഠിപ്പിച്ചുതന്ന ജനങ്ങളുമായുള്ള ബന്ധവും പോരാടാനുള്ള ധൈര്യവും മുന്നോട്ടു നയിക്കും. നീതിയുക്തവും സമത്വത്തിൽ അധിഷ്ഠിതവും വികസിതവുമായ മഹാരാഷ്ട്രയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പ്രവർത്തിക്കും.

ആശംസയർപ്പിച്ച് മോദി

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി സുനേത്ര പവാറിന് ആശംസകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. അജിത് പവാറിന്റെ കാഴ്ചപ്പാടുകൾ സുനേത്ര നിറവേറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും കൂട്ടിച്ചേർത്തു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY