തിരുവനന്തപുരം: ശബരിമലയിൽ നിന്ന് 2025ൽ സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോയ സംഭവത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അംഗമായിരുന്ന എ.അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.
മൂന്നാം തവണയാണ് ഇരുവരെയും എസ്.ഐ.ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടി ആയാണിത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് എസ്.ഐ.ടി ചെയ്തതെന്നാണ് പി.എസ്. പ്രശാന്ത് പ്രതികരിച്ചത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെയോ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെയോ അനുമതിയില്ലാതെയാണ് പാളികൾ സ്വർണം പൂശാനായി ശബരിമലയിൽ നിന്നു കൊണ്ടുപോയത്. ഇതു സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുകയായിരുന്നു.
അനുമതിയില്ലാതെ സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോയതിൽ പ്രസിഡന്റായിരുന്ന പ്രശാന്ത് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഏതു സാഹചര്യത്തിലാണ് സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകാൻ അനുവദിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിൽ അന്വേഷിച്ചത്. സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കാതെ കൊണ്ടുപോകാൻ അനുമതി നൽകിയതിന്റെ കാരണം, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക്, അനുമതി നൽകിക്കൊണ്ടുള്ള ബോർഡിന്റെ തീരുമാനം എന്നിവയിലുള്ള സംശയങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
ബോർഡ് അംഗമായിരുന്ന എ.അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയുമായി സൗഹൃദമുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അജികുമാറിനെ ചോദ്യം ചെയ്തത്.
പരിശോധനാഫലം വൈകില്ല
സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഏപ്രിൽ അവസാനത്തോടെ ലഭിക്കുമെന്നാണ് എസ്.ഐ.ടി പ്രതീക്ഷിക്കുന്നത്. ജംഷഡ്പൂർ മെറ്റലർജിക്കൽ ലാബ് ഇക്കാര്യം അറിയിച്ചുവെന്ന് എസ്.ഐ.ടി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതു ലഭിച്ചാൽ മാത്രമേ 2019 ൽ സ്വർണപ്പാളിയിൽ നടത്തിയ ക്രമക്കേടുകളുടെ ആഴം വ്യക്തമാകുകയുള്ളൂ. എത്ര സ്വർണം പാളിയിൽ നിന്നു കവർന്നു എന്നതാണ് പരിശോധനയിലൂടെ പ്രധാനമായും അറിയാനുള്ളത്. അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിക്ക് ഹൈക്കോടതി മേയ് 18 വരെ സമയം നൽകിയിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാലുടൻ അന്തിമ കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് എസ്.ഐ.ടി കടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |