ന്യൂഡൽഹി: മാംസാഹാരത്തിന്റെയും രാമനവമി പൂജയുടെയും പേരിൽ ജെ.എൻ.യു കാമ്പസിലെ കാവേരി ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ പെൺകുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ എ.ബി.വി.പി, ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ സംഘടനകൾക്കെതിരെ
വസന്ത്കുഞ്ജ് പൊലീസ് കേസെടുത്തു. കാമ്പസിനുള്ളിൽ ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് എ.ഐ.എസ്.എയുടെ നേതൃത്വത്തിൽ ഇടത്പക്ഷ വിദ്യാർത്ഥി സംഘടനകൾ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.ബി.വി.പി ജെ.എൻ.യു യൂണിറ്റും കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി.
കാമ്പസിനുള്ളിലെ കാവേരി ഹോസ്റ്റലിൽ മാംസാഹാരം വിലക്കിയ എ.ബി.വി.പി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണുണ്ടായതെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. എന്നാൽ മാംസാഹാരം വിളമ്പുന്നത് എതിർത്തില്ലെന്നും രാമനവമി പൂജ നടത്താതിരിക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ അക്രമം അഴിച്ചുവിടുകയാണുണ്ടായതെന്നും എ.ബി.വി.പി പറഞ്ഞു. ഞായറാഴ്ച രാത്രിയോടെ ജെ.എൻ.യു കാമ്പസിൽ ഏറ്റുമുട്ടിയ ഇരുവിഭാഗങ്ങൾ പരസ്പരം കല്ലെറിയുകയും വ്യാപകമായ അക്രമം നടത്തുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് രാമനവമി പൂജ സംഘടിപ്പിക്കാനോ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാനോ ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയില്ല. കാവേരി ഹോസ്റ്റലിലെ വാർഡൻ ഞായറാഴ്ച നൽകിയ നോട്ടീസിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻകൂറായി അനുമതി വാങ്ങണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ ജെ.എൻ.യു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂലിപ്പുടി കാവേരി ഹോസ്റ്റൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കാമ്പസിൽ ഒരു വിധത്തിലുള്ള അക്രമവും വച്ചുപൊറുപ്പിക്കില്ല. കാവേരി ഹോസ്റ്റൽ മെസ് നടത്തുന്നത് വിദ്യാർത്ഥി സമിതിയാണ്. അഡ്മിനിസ്ട്രേഷനുമായി അതിന് ബന്ധവുമില്ല.
-ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ
കാവേരി ഹോസ്റ്റലിൽ മാംസാഹാരം വിലക്കിയ എ.ബി.വി.പി പ്രവർത്തകർ മെസ് സെക്രട്ടറിയെ ആക്രമിച്ചു. പൊലീസ് ആസ്ഥാനത്ത് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അക്രമികൾ സ്വൈര്യ വിഹാരം നടത്തുന്നു. ഇത് എന്ത് നീതിയാണ്?
-ഐഷ ഘോഷ്, ഇടത് വിദ്യാർത്ഥി സംഘടനാ നേതാവ്
മാംസാഹാരം വിളമ്പുന്നതിന് ഞങ്ങൾ എതിരല്ല. രാമനവമി പൂജ നടത്താതിരിക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ അക്രമം അഴിച്ചുവിടുകയാണുണ്ടായത്. ജെ.എൻ.യുവിലെ എ.ബി.വി.പി പ്രവർത്തകർ മെസ് സെക്രട്ടറിമാരായ നിരവധി ഹോസ്റ്റലുകളിൽ പൂജാദിവസം മാംസാഹാരം വിളമ്പിയിട്ടുണ്ട്.
-എ.ബി.വി.പി ജെ.എൻ.യു പ്രസിഡന്റ് രോഹിത് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |