ഭോപ്പാൽ: ശരീരഭാരം കുറയ്ക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ് ഉജ്ജെയിൻ എം.പി അനിൽ ഫിറോജിയ. ആരോഗ്യവാനായിരിക്കുക എന്നത് മാത്രമല്ല ഫിറോജിയയുടെ ലക്ഷ്യം.തന്റെ മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി കൂടിയാണ് ഫിറോജിയ കഠിന വ്യായാമമുറകളിലൂടെ ഭാരം കുറയ്ക്കുന്നത്. കുറക്കുന്ന ഓരോ കിലോ ശരീരഭാരത്തിനും 1000 കോടി രൂപ വീതമാണ് മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങള്‍ക്കായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. മാൽവയിൽ 5772 കോടിയുടെ 11 റോഡ് പദ്ധതികളുടെ കല്ലിടൽ കർമ്മം ഗഡ്കരി നിർവഹിച്ചിരുന്നു. മണ്ഡലത്തിന്റെ വികസനത്തിനായി ഫിറോജിയ തുടർച്ചയായി എന്നോട് ഫണ്ട് ആവശ്യപ്പെടുന്നു. ഞാൻ ഒരു നിബന്ധന വെയ്ക്കുന്നു. ഞാൻ 135 കിലോ ഉണ്ടായിരുന്നു. ഇപ്പോൾ 93 കിലോ ആയി കുറഞ്ഞു. പഴയ ചിത്രങ്ങൾ കാണിക്കുമ്പോൾ, ആളുകൾ എന്നെ തിരിച്ചറിയുന്നില്ല. അതുകൊണ്ട് തന്നെ അനിൽകുറക്കുന്ന ഓരോ കിലോ ഭാരത്തിനും ഉജ്ജെയിന്റെ വികസനത്തിനായി 1000 കോടി വീതം ഞാൻ നൽകാം. നിങ്ങൾ ഭാരം കുറക്കൂ, അത് എങ്ങനെ കുറക്കണമെന്ന് ഞാൻ പറഞ്ഞുതരാം - ചടങ്ങിനിടെ ഗഡ്കരി പറഞ്ഞു. ജനങ്ങൾക്കായി കഠിന വ്യായാമം
കേന്ദ്രമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഭാരം കുറക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഫിറോജിയ. ഫെബ്രുവരിയിൽ 125 കിലോഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാരം. ഇതുവരെ ആറ് കിലോയോളം ഭാരം കുറച്ചു. കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം യോഗ, നീന്തൽ, സൈക്കളിംഗ് അടക്കമുള്ള വ്യായാമങ്ങളും ചെയ്യുന്നുണ്ട്.
6000 കോടി രൂപ ലഭിക്കാനുള്ള ഭാരം ഞാൻ കുറച്ചിട്ടുണ്ട്. വാഗ്ദാനം ഓർമ്മിപ്പിക്കാനായി മൺസൂൺ സമ്മേളനത്തിന്റെ സമയത്ത് ഗഡ്കരിയെ കാണും - അനിൽ ഫിറോജിയ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |