ഹൈദരാബാദ് : പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ (35) ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച കുളിമുറിയിൽ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പ്രത്യുഷയുടെ മുറിയിൽ നിന്ന് കാർബൺ മോണോക്സൈഡിന്റെ സിലിണ്ടർ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ബഞ്ചാരാ ഹിൽസ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രത്യുഷയ്ക്ക് വിഷാദരോഗമുണ്ടായിരുന്നതായി സൂചനയുണ്ട്. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും താൻ ഏകാന്തതയും സമ്മർദ്ദവും അനുഭവപ്പെടുന്നതായും ആർക്കുമൊരു ഭാരമാകുന്നില്ലെന്നും വിവരിക്കുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
' പ്രത്യുഷ ഗരിമെല്ല"എന്ന ഫാഷൻ സ്റ്റുഡിയോ നടത്തിയിരുന്നു. ബോളിവുഡ്, തെലുങ്ക് സിനിമാ താരങ്ങൾക്ക് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തിരുന്നു. യു.കെയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രത്യുഷ പിതാവിന്റെ ബിസിനസിൽ പങ്കാളിയായെങ്കിലും പിന്നീട് ഫാഷൻ ലോകത്തേക്ക് തിരിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |