ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവൻ വിടുന്നതോടെ താമസത്തിനെത്തുക കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അയൽക്കാരനായി. ഡൽഹിയിൽ 12 ജൻപഥിൽ അദ്ദേഹത്തിന് പുതിയ ബംഗ്ലാവ് അനുവദിച്ചു. ഇതിനടുത്താണ് സോണിയ ഗാന്ധി താമസിക്കുന്നത്. മുമ്പ് മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ താമസിച്ചിരുന്ന ബംഗ്ലാവാണിത്.
മഹാത്മാഗാന്ധിയുടെയും ബി.ആർ അംബേദ്ക്കറിന്റെയും ചിന്തകളെ എന്നും വളരെ നിശബ്ദമായി പിന്തുടരുന്നയാളാണ് താനെന്ന് പലപ്പോഴും രാംനാഥ് കോവിന്ദ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിന്റെ പ്രതീകമാണെന്ന ഭരണഘടനാ ശില്പി അംബേദ്ക്കറിന്റെ വാക്കുകളെ 2017 ജൂലായിൽ രാഷ്ട്രപതി ഭവനിൽ താമസമാക്കിയത് മുതൽ മനസിൽ എന്നും ഓർമ്മിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
'രാഷ്ട്രപതി ഭവനിലെ താമസക്കാലത്ത് പുറത്ത് മഴ പെയ്യുമ്പോൾ ഞാൻ എന്റെ ഗ്രാമത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും ഓർമ്മിക്കുമായിരുന്നു. ഞങ്ങളുടെ മൺക്കുടിലിന്റെ മേൽക്കൂര എല്ലാ മഴക്കാലത്തും ചോർന്നൊലിക്കുമായിരുന്നു. മഴ ഒഴിയുന്നതുവരെ ഒരു മൂലയിൽ ഞങ്ങൾ കുട്ടികൾ അഭയം പ്രാപിക്കുമായിരുന്നു. രാഷ്ട്രപതി ഭവനിലെ താമസക്കാലത്തും ഇപ്പോഴും എത്ര രാംനാഥ് കോവിന്ദുമാർ മഴയിൽ നനയുന്നുവെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്' രാംനാഥ് കോവിന്ദ് മുമ്പ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത് ഇങ്ങനെ.
'' താൻ ആശയക്കുഴപ്പത്തിലായപ്പോഴെല്ലാം ഒരു രാഷ്ട്രമെന്നത് അതിന്റെ ജനങ്ങളല്ലാതെ മറ്റെന്താണെന്ന് ചിന്തിച്ചിട്ടുണ്ട്, അതനുസരിച്ച് ഞാൻ പ്രവർത്തിച്ചിട്ടുമുണ്ട്.
-രാംനാഥ് കോവിന്ദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |