ചോർത്തിയത് യഥാർത്ഥ ചോദ്യപ്പേപ്പർ? വിറ്റത് രണ്ട് ലക്ഷം രൂപയ്‌ക്ക്, കേരളത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ സംശയനിഴലിൽ

Wednesday 13 May 2026 11:13 AM IST

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. ചോർത്തിയ ചോദ്യപ്പേപ്പറിന്റെ മാതൃക കേരളത്തിലും എത്തിയെന്നാണ് കണ്ടെത്തൽ. ചോദ്യപ്പേപ്പർ ലഭിച്ച 200ഓളം വിദ്യാർത്ഥികളുടെ വിവരങ്ങൾ രാജസ്ഥാൻ പൊലീസ് സിബിഐയ്‌ക്ക് കൈമാറിയിരുന്നു. ഇതിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവർ ഉണ്ടെന്നാണ് വിവരം.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ തുടക്കം നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. നാസിക്കിൽ പിടിയിലായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ സിബിഐ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ നാല് സംഘങ്ങളെയാണ് സിബിഐ ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ചോദ്യപ്പേപ്പർ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് നിന്ന് ചോർത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തവണത്തെ ചോദ്യപ്പേപ്പർ നാസിക്കിലെ ഒരു പ്രസിലാണ് അടിച്ചത്. ഈ പ്രിന്റിംഗ് പ്രസിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥിയായ ശുഭം കർനിയാർ എന്ന വ്യക്തിക്കാണ് ചോദ്യപ്പേപ്പർ അതേപടി ലഭിച്ചത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്‌ടർക്ക് കൊറിയർ വഴി കൈമാറി. ഇയാൾ വഴി സൂത്രധാരനായ മനീഷ് യാദവിനും രാകേഷ് കുമാറിനും ലഭിച്ചു.

പിന്നീട് ജയ്‌പൂർ, ഡൽഹി, കേരളം, ഡെറാഡൂൺ, ജമ്മു കാശ്‌മീർ, ബീഹാർ, തെലങ്കാന, ആന്ധ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സംഘാംഗങ്ങൾക്ക് കിട്ടി. പിടിക്കപ്പെടാതിരിക്കാനായി ആദ്യം കിട്ടിയ യഥാർത്ഥ ചോദ്യപ്പേപ്പറിനെ ഈ സംഘം മാതൃകാ ചോദ്യപ്പേപ്പർ എന്ന നിലയിലേക്ക് മാറ്റി. പിന്നീട് പണം വാങ്ങി ആവശ്യക്കാർക്ക് നൽകി. 25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് ടെലഗ്രാം, വാട്‌സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡി പ്ലാറ്റ്‌ഫോം വഴി ചോദ്യപ്പേപ്പർ വിറ്റത്.

കേരളത്തിൽ പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയും ഈ വിദഗ്ദ്ധ തട്ടിപ്പ് സംഘത്തിന്റെ കണ്ണിയാണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇയാൾ വഴി കേരളത്തിലെ ചില വിദ്യാർത്ഥികൾക്കും മാതൃകാ ചോദ്യപ്പേപ്പർ ലഭിച്ചുവെന്നാണ് വിവരം. മാതൃകാ ചോദ്യപ്പേപ്പറിലെ ബയോളജി ചോദ്യങ്ങളിൽ 90 എണ്ണവും കെമിസ്‌ട്രിയിലെ 45ൽ 35 എണ്ണവും യഥാർത്ഥ ചോദ്യപ്പേപ്പറിലേതായിരുന്നു എന്നാണ് കണ്ടെത്തൽ.

എന്നാൽ, വിദ്യാർത്ഥികൾക്ക് യഥാർത്ഥ ചോദ്യപ്പേപ്പർ തന്നെയാണോ ലഭിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ‌അതേസമയം, കേസിൽ സുപ്രീം കോടതി ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്‌എഐഎംഎ) ഹർജി നൽകിയിട്ടുണ്ട്.