ബ്രാഹ്മണ പെൺകുട്ടിയെ കൊണ്ട് മുട്ട നിർബന്ധിപ്പിച്ച് കഴിപ്പിച്ചു; അദ്ധ്യാപകനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തി

Friday 24 November 2023 1:49 PM IST

ഷിവമോഗ: ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സസ്യാഹാരിയായ ഏഴ് വയസുകാരിയെ കൊണ്ട് അദ്ധ്യാപകൻ നിർബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചതായി പരാതി. കുട്ടിയുടെ പിതാവാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അദ്ധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. കർണാടകയിലെ ഷിവമോഗയിലാണ് സംഭവം. മകളെ കൊണ്ട് മുട്ട കഴിപ്പിച്ച അദ്ധ്യാപകന്മാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.

ഷിവമോഗയിലെ കാമാച്ചി ഗ്രാമത്തിലെ ഒരു സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ഇതേ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ അദ്ധ്യാപകനാണ് പെൺകുട്ടിയുടെ പിതാവ്. തന്നെ കൊണ്ട് മുട്ട കഴിപ്പിച്ച കാര്യം പെൺകുട്ടി തന്നെയാണ് പിതാവിനോട് പറഞ്ഞത്. ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാണ് തന്നെ കൊണ്ട് മുട്ട കഴിപ്പിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

എന്നാൽ മകൾ ഒരിക്കൽപ്പോലും മാംസാഹാരം കഴിച്ചിട്ടില്ലെന്ന് പിതാവ് ശ്രീകാന്ത് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മകളെ കൊണ്ട് അദ്ധ്യാപകൻ മുട്ട നിർബന്ധിപ്പിച്ച് കഴിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂളിലെ അദ്ധ്യാപകനായ പുട്ടസ്വാമിക്കെതിരെയാണ് പിതാവിന്റെ പരാതി. രണ്ടാം ക്ലാസിൽ 26 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവരിൽ 10 പേർ സസ്യാഹാരികളാണ്.

സംഭവം നടക്കുമ്പോൾ മകൾ ചിക്കീസ് ( പരിപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവം) ആണ് ആവശ്യപ്പെട്ടത്. എന്നാൽ പുട്ടസ്വാമി എന്ന അദ്ധ്യാപകൻ ആരോഗ്യത്തിന് നല്ലത് മുട്ടയാണെന്ന് പറഞ്ഞ് കഴിപ്പിക്കുകയായിരുന്നു. ഇതോടെ മകൾ മാനസികമായി തളർന്നിരിക്കുകയാണെന്ന് പിതാവ് പറയുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറയുന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ അദ്ധ്യാപകൻ പ്രതികരിച്ചിട്ടില്ല.