സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച സ്‌പീഡ് ബോട്ട് മറിഞ്ഞു; അപകടത്തിന്റെ വീഡിയോ പുറത്ത്
ഭുവനേശ്വർ: മുൻ ഇന്ത്യൻ ക്രിക്കറ്റർ സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച സ്‌പീഡ് ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. ബോട്ട് മറിഞ്ഞ് കടലിൽ വീണ ഇരുവരെയും ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി. ഒഡീഷയിലെ പുരി ബീച്ചിൽ ഞായറാഴ്‌ചയായിരുന്നു സംഭവം.
സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്‌നേഹാശിഷ് ഗാംഗുലി, ഭാര്യ അർപിത ഗാംഗുലി എന്നിവരാണ് സ്‌പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടത്. അവധിക്കാലം ചെലവഴിക്കാനായാണ് ഇരുവരും ഇവിടേക്കെത്തിയത്. കടൽ പ്രക്ഷുബ്‌ധമായിരിക്കെയാണ് ഇരുവരെയും ബോട്ടിൽ കയറ്റിയത്. തുടർന്ന് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിഞ്ഞെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ബോട്ടിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് മറിഞ്ഞതെന്നാണ് രക്ഷപ്പെട്ട അർപിത ഗാംഗുലി ആരോപിക്കുന്നത്. 'കടൽ പ്രക്ഷുബ്‌ധമായിരുന്നു. പണത്തോടുള്ള ആർത്തി കാരണം പത്തുപേർ കയറേണ്ട ബോട്ടിൽ നാലുപേരുമായി സർവീസ് നടത്തി. അന്ന് കടലിൽ പോകുന്ന അവസാനത്തെ ബോട്ടായിരുന്നു അത്. കാലാവസ്ഥ കണ്ട് ഞങ്ങൾ ആശങ്ക അറിയിച്ചു. എന്നാൽ, പേടിക്കേണ്ടെന്നാണ് ഓപ്പറേറ്റർമാർ പറഞ്ഞത്. പക്ഷേ, കടലിലേക്കിറങ്ങിയതും ഒരു വലിയ തിരമാല വന്ന് ഞങ്ങളുടെ ബോട്ടിൽ തട്ടി. ലൈഫ് ഗാർഡുകൾ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപ്പെടില്ലായിരുന്നു. ഞാൻ ഇപ്പോഴും അതിന്റെ ആഘാതത്തിലാണ്. ഇതുപോലൊരു അനുഭവം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല. കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ അത് മറിയില്ലായിരുന്നു' , അർപിത പറഞ്ഞു.
VIDEO | Puri, Odisha: Cricket Association of Bengal (CAB) President and brother of former Indian cricket team captain Sourav Ganguly, Snehasish Ganguly, and his wife Arpita Ganguly were safely rescued after they encountered a horror as their speedboat capsized off Puri coast.… pic.twitter.com/rWCOB4bgYm
— Press Trust of India (@PTI_News) May 26, 2025
കാലാവസ്ഥ മോശമായതിനാൽ പുരി ബീച്ചിലെ വാട്ടർ സ്പോർട്‌സ് നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് സൂപ്രണ്ടിനും കത്തയക്കുമെന്നും അർപിത പറഞ്ഞു.