ബംഗാളിൽ പുതുചരിത്രമെഴുതി ബിജെപി: സുവേന്ദു അധികാരി ഇനി മുഖ്യമന്ത്രി
കൊൽക്കത്ത: ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ ബിജെപി എംഎൽഎമാരായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ എന്നിവരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചരിത്ര മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും എൻഡിഎ മുഖ്യമന്ത്രിമാരും പങ്കെടുത്തു. റോഡ് ഷോ നടത്തിയാണ് നരേന്ദ്രമോദിയും സുവേന്ദു അധികാരിയും വേദിയിലെത്തിയത്. വേദിയിൽ ടാഗോറിന്റെ ചിത്രത്തിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. 98 വയസുള്ള ബിജെപി നേതാവ് മഖൻലാൽ സർക്കാരിനെ വേദിയിൽ ആദരിച്ചു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വൻ ജനാവലിയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നത്. ചടങ്ങിന് എത്തിയ ജനങ്ങളെ ജാൽമുരി വിതരണം ചെയ്താണ് സ്വീകരിച്ചത്.
ബംഗാളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച പ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു സുവേന്ദു അധികാരി. ആദ്യം കോൺഗ്രസിന്റെയും പിന്നീട് ഇടതുപക്ഷത്തിന്റെയും അതിനുശേഷം തൃണമൂൽ കോൺഗ്രസിന്റെയും ഉരുക്കുകോട്ടയായിരുന്ന ബംഗാൾ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ നേടിയ ഐതിഹാസിക വിജയമാണ് സുവേന്ദുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. നന്ദിഗ്രാം, ഭവാനിപുർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും അദ്ദേഹം ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. മമത ബാനർജിയെ സ്വന്തം തട്ടകമായ ഭവാനിപുരിൽ 15,000-ത്തിലധികം വോട്ടുകൾക്കാണ് സുവേന്ദു പരാജയപ്പെടുത്തിയത്.