കൊൽക്കത്തയിൽ ബിജെപി കൊടിവച്ച കാറുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലെന്ന് തൃണമൂൽ കോൺഗ്രസ്; പ്രതിഷേധം
കൊൽക്കത്ത: ബിജെപി കൊടിവച്ച കാറുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം. കേന്ദ്രസേന പരിശോധന കൂടാതെ കാറുകൾ കടത്തിവിട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. മുഖ്യമന്ത്രി മമതാ ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന കൊൽക്കത്തയിലെ ഭവാനിപൂരിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിന് മുന്നിലാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം.
സംശയാസ്പദമായ വാഹനത്തെ നിയന്ത്രണ മേഖലയിലേക്ക് കടത്തിവിട്ടതായും ഇതിനെ എതിർത്ത തങ്ങളെ സുരക്ഷാ സേന സ്ഥലത്ത് നിന്ന് മാറ്റിയതായും പ്രതിഷേധക്കാർ ആരോപിച്ചു. വാഹനം നീക്കം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞെങ്കിലും, അത് കുറച്ചുനേരം അവിടെ പാർക്ക് ചെയ്തതായും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
എന്നാൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിഷേധിച്ചു. വാഹനം ഹരീഷ് മുഖർജി റോഡിലൂടെ കടന്നുപോയി എന്നും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നുമായിരുന്നു കമ്മീഷന്റെ വിശദീകരണം.