1206 ഭാഗ്യനമ്പർ, വിമാനത്തിൽ കയറിയത് 12.10ന്, 12ാം നമ്പർ സീറ്റ്; ബിജെപി നേതാവിന്റെ അവസാന യാത്രയും 12/06ന്

Friday 13 June 2025 2:54 PM IST

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഒരാളാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ വിജയ് രൂപാണി. ഇതിനിടെ അദ്ദേഹത്തിന്റെ മരണവും ഭാഗ്യനമ്പറുമായി ബന്ധപ്പെട്ട് ചില വിചിത്ര കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

1206 എന്ന അക്കങ്ങൾ തന്റെ ഭാഗ്യനമ്പരായി വിശ്വസിച്ചിരുന്നയാളാണ് വിജയ് രൂപാണി. അദ്ദേഹത്തിന്റെ പഴയ സ്‌കൂട്ടർ മുതൽ കാറുകൾ വരെ എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ നമ്പർ 1206 ആണ്. ലണ്ടനിൽ താമസിക്കുന്ന മകളെയും ഭാര്യയെയും കാണാനായി വിമാനയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തതും ജൂൺ 12 എന്ന 1206 ആയിരുന്നു. 12.10ന് വിമാനത്തിൽ കയറിയ അദ്ദേഹം ബിസിനസ് ക്ളാസിൽ 12ാം നമ്പർ സീറ്റിലാണ് ഇരുന്നത് എന്നതും യാദൃച്ഛികം.

ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് വിജയ് രൂപാണി ജൂൺ അഞ്ചിൽ നിന്ന് യാത്ര ജൂൺ 12ലേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് പഞ്ചാബ് ബിജെപി അദ്ധ്യക്ഷൻ സുനിൽ ജാക്കർ പറഞ്ഞു. ജൂൺ അഞ്ചിന് ഭാര്യയ്ക്കൊപ്പം ലണ്ടനിലേയ്ക്ക് പോകേണ്ടിയിരുന്ന വിജയ് താൻ 12ന് എത്തുമെന്ന് പറഞ്ഞായിരുന്നു ഭാര്യയെ യാത്രയാക്കിയത്.

2016 ആഗസ്റ്റ് മുതൽ 2021 സെപ്‌തംബർ വരെ ഗുജറാത്തിന്റെ 16-ാമത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. താഴെത്തട്ടിൽ നിന്നുയർന്നു വന്ന ജനപ്രിയ നേതാവാണ് അദ്ദേഹം. ഇന്നത്തെ മ്യാൻമറിലാണ് രൂപാണി ജനിച്ചത്. അവിടത്തെ രാഷ്‌ട്രീയ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ഗുജറാത്തിലെ രാജ്‌കോട്ടിലേയ്ക്ക് കുടിയേറുകയായിരുന്നു.

ഗുജറാത്തിലെ പഠന കാലത്ത് എ.ബി.വി.പിയിലും പിന്നീട് ആർ.എസ്.എസിലും സജീവമായിരുന്നു വിജയ് രൂപാണി. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിലും പ്രവർത്തിച്ചു. 1966ൽ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ പദവിയിലൂടെയാണ് രാഷ്‌ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് സംസ്ഥാന ബി.ജെ.പിയിൽ സ്വാധീനമുറപ്പിച്ചു. 2006ൽ രാജ്യസഭാംഗമായി.

2014ൽ രാജ്കോട്ടിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തി. നരേന്ദ്രമോദിയുടെ പിൻഗാമിയായ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിന്റെ മന്ത്രിസഭയിൽ അംഗമായി. ഗുജറാത്തിലെ പാർട്ടി ആധിപത്യം നിലനിറുത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്ര നേതൃത്വം 2016 ഫെബ്രുവരിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി നൽകി. ഓഗസ്റ്റിൽ ആനന്ദി ബെൻ പട്ടേൽ രാജിവച്ചപ്പോൾ ആ സ്ഥാനത്തേക്ക് പാർട്ടി ദേശീയ നേതൃത്വത്തിന് മറ്റാരെയും ആലോചിക്കേണ്ടി വന്നില്ല.

2017 നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്കോട്ടിൽ നിന്ന് വീണ്ടും ജയിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. എന്നാൽ, ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് 2021 സെപ്‌തംബറിൽ രാജിവയ്ക്കേണ്ടിവന്നു. ബി.ജെ.പി നേതാവായ അഞ്ജലിയാണ് ഭാര്യ. മകൻ: റുഷഭ്. മകൾ: രാധിക. മറ്റൊരു മകനായ പുജിത് വാഹനാപകടത്തിൽ മരിച്ചു.