തോക്കുചൂണ്ടി കവർച്ചാ ശ്രമം; കൊള്ളയടിക്കാനുള്ള നീക്കം പാളി,​ ജീവനക്കാരുടെ ചെറുത്തുനിൽപ്പിൽ ഓടി രക്ഷപ്പെട്ട് മോഷ്‌ടാക്കൾ

Saturday 16 May 2026 8:26 PM IST

മുംബയ്: ജ്വല്ലറിയിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി കവർച്ച നടത്താനുള്ള മോഷ്‌ടാക്കളുടെ ശ്രമം ജീവനക്കാർ ചെറുത്തുതോൽപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഹിരാവാഡിയിലുള്ള ന്യൂ സമൃദ്ധി ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു കവർച്ചാ ശ്രമം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് കടയ്ക്കുള്ളിൽ കയറി ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് ജീവനക്കാർ കടയ്ക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അക്രമികൾ ഇവിടേക്ക് ഇരച്ചുകയറിയത്.

തലയിൽ തൊപ്പിയും മുഖംമൂടിയും ധരിച്ചായിരുന്നു ഇവരുടെ വരവ്. കൂട്ടത്തിൽ ഒരാൾ ഹെൽമറ്റും ധരിച്ചിരുന്നു. കടയ്ക്കുള്ളിലേക്ക് കയറിയ ഉടൻ തന്നെ അക്രമികളിൽ ഒരാൾ കൈയിലിരുന്ന തോക്കെടുത്ത് ജീവനക്കാർക്ക് നേരെ ചൂണ്ടുകയായിരുന്നു. തോക്ക് കണ്ട ഭയത്തിൽ ഒരു ജീവനക്കാരി ഒളിക്കാൻ ശ്രമിച്ചെങ്കിലും, മറ്റ് രണ്ടുപേർ അക്രമികളെ ഭയപ്പെടാതെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് ജീവനക്കാരും ചേർന്ന് അക്രമികളുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ ഭയന്ന മോഷ്‌ടാക്കൾ ഒടുവിൽ ജ്വല്ലറിയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

മൽപ്പിടുത്തത്തിനിടയിൽ, അക്രമികൾ തങ്ങളുടെ കൈയിലിരുന്ന തോക്കിന്റെ പിൻഭാഗം കൊണ്ട് ഒരു ജീവനക്കാരന്റെ തലയ്ക്ക് ശക്തിയായി അടിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പൊലീസ്, പ്രതികളെ പിടികൂടുന്നതിനായി സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.