വിസ്മയ കേസ്; ശിക്ഷാ വിധിക്കെതിരെ കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബഞ്ചാണ് നോട്ടീസ് അയച്ചത്. പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ ഹർജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നിരുന്നില്ല. കിരൺ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് വാദം. കേസിൽ പ്രതിക്കായി അഭിഭാഷകൻ ദീപക് പ്രകാശാണ് ഹാജരായത്.
2021 ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺ കുമാർ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി കിരണിന് ജാമ്യം അനുവദിച്ചിരുന്നു. വീട്ടിൽ വച്ചുള്ള ആക്രമണങ്ങൾക്ക് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽ വച്ചും കാർ മാറ്റി നൽകണമെന്ന് പറഞ്ഞ് കിരൺ കുമാർ പ്രശ്നം ഉണ്ടാക്കിയെന്ന് സാക്ഷിമൊഴികളുണ്ട്. സ്ത്രീധന തർക്കം സംബന്ധിച്ച ഫോൺ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.